അഴീക്കോട് ഭാഷയുടെ വാഗ്ഭടൻ : സ്വാമി സച്ചിദാനന്ദ
ശിവഗിരി: ഭാഷയുടെയും ചരിത്രത്തിന്റെയും വാഗ്ഭടനായിരുന്നു സുകുമാർ അഴീക്കോടെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. സുകുമാർ അഴീക്കോടിന്റെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ചു ശിവഗിരി ദൈവദശകം ഹാളിൽ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
. സുകുമാർ അഴീക്കോടിന് ഏത് വിഷയവും തന്റേതായ കാഴ്ചപ്പാടിൽ വിലയിരുത്തി അവതരിപ്പിക്കാനുള്ള അസാമാന്യ കഴിവുണ്ടായിരുന്നു. പ്രസംഗം, സാഹിത്യം, വിമർശനം എന്നീ മേഖലകളിൽ ഇത്ര സംഭാവന ചെയ്ത ഒരാൾ കേരളത്തിൽ വേറെയുണ്ടായിട്ടില്ല. ശിവഗിരിയുടെ ആത്മബന്ധുവായിരുന്നുവെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.
പ്രശസ്ത ചരിത്രകാരൻ ജോർജ് തഴകര അദ്ധ്യക്ഷത വഹിച്ചു. ശിവഗിരി മഠം, ഗുരുധർമ്മ പ്രചരണസഭ, മാവേലിക്കര സുകുമാർ അഴീക്കോട് ജന്മശതാബ്ദി സമിതി എന്നിവ സംയുക്തമായാണ് സമ്മേളനം സംഘടിപ്പിച്ചത്. ശിവഗിരി മാസിക ചീഫ് എഡിറ്റർ സ്വാമി അവ്യയാനന്ദ,സാഹിത്യ നിരൂപകൻ എം.കെ. ഹരികുമാർ, ഡോ. അജയൻ പനയറ, ബാബു പാക്കനാർ, വി.എസ്. സന്തോഷ് കുമാർ, മോഹനൻ ഉണ്ണിത്താൻ എന്നിവർ സംസാരിച്ചു. അഴീക്കോട് ജന്മശതാബ്ദി പ്രസംഗ മത്സരത്തിലെ വിജയികളായ റജി അടിമാലി, ഡി. അനിൽ, കെ. ഡി. മണിയൻ അടിമാലി, സ്വാതി രതീഷ് കോട്ടയം എന്നിവർക്ക് സമ്മാനം വിതരണം ചെയ്തു. ഷോണി.ജി.ചെറുവിള സ്വാഗതവും റെജി പാറപ്പുറം നന്ദിയും പറഞ്ഞു.
ഫോട്ടോ: ശിവഗിരിയിൽ നടന്ന അഴീക്കോട് ജന്മശതാബ്ദി അനുസ്മരണ സമ്മേളനം സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യുന്നു.