മോഷ്ടിച്ചതിൽ 2 പവൻ വിറ്റു, ബാക്കി നൽകി മാപ്പപേക്ഷിച്ച് മോഷ്ടാവ്

Wednesday 13 May 2026 2:41 AM IST

ഗുരുവായൂർ: അരിയന്നൂർ വീട്ടിൽ നിന്നു 10 പവൻ സ്വർണാഭരണം മോഷ്ടിച്ച സംഭവത്തിൽ എട്ടു പവൻ തിരികെ നൽകി മാപ്പപേക്ഷയുമായി മോഷ്ടാവ്. ഇന്നലെ രാവിലെയാണ് വീടിനു പിറകിൽനിന്നു സ്വർണാഭരണങ്ങളടങ്ങിയ സഞ്ചി ലഭിച്ചത്. വെള്ളക്കടലാസിൽ എഴുതിയ ഒരു കത്തും പൊലീസ് കണ്ടെടുത്തു. 'രണ്ടു പവൻ വിറ്റുപോയി, ബാക്കി ആഭരണങ്ങൾ ഇതിലുണ്ട്. കേസ് പിൻവലിക്കണം, മാപ്പ് മാപ്പ് മാപ്പ്" എന്നാണ് കത്തിൽ. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസെത്തി സ്വർണാഭരണങ്ങളും കത്തും കസ്റ്റഡിയിലെടുത്തു.

വ്യാഴാഴ്ച രാത്രിയാണ് പോക്കാക്കില്ലത്ത് കുഞ്ഞുമുഹമ്മദിന്റെ വീട്ടിൽ മോഷണം നടന്നത്. കുഞ്ഞുമുഹമ്മദും മകൾ ഡോ. ബുഷറയും മരുമകൻ ഡോ. അബൂബക്കർ റാഫിയും ഇവരുടെ രണ്ടു മക്കളുമാണ് വീട്ടിലുള്ളത്. ശനിയാഴ്ച രാവിലെയാണ് വീട്ടുകാർ മോഷണവിവരം അറിഞ്ഞത്. ഡോ. ബുഷറ ഒരു യാത്രയുടെ ആവശ്യത്തിനായി ആഭരണങ്ങളെടുക്കാൻ അലമാര തുറന്നപ്പോഴാണ് രണ്ട് മാല, രണ്ട് വള, മൂന്ന് സെറ്റ് കമ്മൽ എന്നിവയടക്കം 10 പവന്റെ ആഭരണങ്ങൾ നഷ്ടപ്പെട്ടതായി അറിയുന്നത്. ഒരു മാലയും കമ്മലും ഒഴികെയുള്ളവയാണ് ഇന്നലെ തിരികെ ലഭിച്ചത്.

മോഷണദൃശ്യവും മോഷ്ടാവിന്റെ മുഖവും സി.സി.ടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. ചുവപ്പ് ടീ ഷർട്ടും ട്രൗസറും ധരിച്ച മോഷ്ടാവ് മുഖംമറയ്ക്കാതെ മോഷണം നടത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്. പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

 മുതൽ തിരികെ നൽകിയത്?​

മോഷ്ടിച്ച സ്വർണാഭരണങ്ങളിൽ നിന്ന് 8 പവൻ തിരികെ നൽകിയത് പിടിയിലാകുമെന്ന ഭയത്താലാകുമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വീട്ടുകാർ മോഷണവിവരം അറിഞ്ഞതിനെ തുടർന്ന് സി.സി.ടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. വീട്ടുകാർ പൊലീസിൽ പരാതിയും നൽകിയിരുന്നു. ചുവപ്പ് ടീ ഷർട്ടും ട്രൗസറും ധരിച്ച മോഷ്ടാവ് മുഖംമറയ്ക്കാതെയാണ് മോഷണം നടത്തിയതെന്നും പ്രദേശവുമായി പരിചയമുള്ളതോ അല്ലെങ്കിൽ സമീപ പ്രദേശത്തുള്ളതോ ആയ ആളാണ് മോഷ്ടാവെന്നാണ് നിഗമനമെന്നും പൊലീസ് മനസിലാക്കിയിരുന്നു.