'കേരളത്തിനായി ഒരുമിച്ച് നിൽക്കണം'; പിണറായി വിജയനെ വീട്ടിലെത്തി കണ്ട് വി ഡി സതീശൻ

Friday 15 May 2026 1:04 PM IST

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും നിയുക്ത പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ വസതിയിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രിയും മുൻ പ്രതിപക്ഷ നേതാവുമായ വി ഡി സതീശൻ. തിരുവനന്തപുരത്തെ ബേക്കറി ജംഗ്ഷനിലെ പിണറായിയുടെ വാടകവീട്ടിലായിരുന്നു കൂടിക്കാഴ്‌ച.

ഇന്നുച്ചയ്ക്ക് 12 മണിയോടെയാണ് സതീശൻ പിണറായിയുടെ വീട്ടിലെത്തിയത്. പിണറായി വിജയനെ വീട്ടിലെത്തി കാണുമെന്ന് സതീശൻ നേരത്തെ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. ശാസ്‌തമംഗലത്തെ അടൂർ പ്രകാശിന്റെ വീട്ടിൽ പോയതിനുശേഷമായിരുന്നു പിണറായിയുടെ വീട്ടിലെത്തിയത്. വീടിന് പുറത്തേയ്ക്ക് ഇറങ്ങിവന്നാണ് പിണറായി വിജയനും കുടുംബവും വി ഡി സതീശനെ സ്വീകരിച്ചത്. പിണറായി വിജയന്റെ ഭാര്യ കമല, മകൾ വീണ എന്നിവർ സന്നിഹിതരായിരുന്നു. കമല വിജയൻ സതീശന് ചായ നൽകി. ശേഷം പിണറായിയും സതീശനും സൗഹൃദ സംഭാഷണം നടത്തി. മുൻ എംഎൽഎ വി കെ പ്രശാന്ത്, മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ, സിപിഎം നേതാവ് ആനാവൂ‌ർ നാഗപ്പൻ എന്നിവരും വീട്ടിലുണ്ടായിരുന്നു.

താൻ പിണറായി വിജയനെ കാണാനെത്തിയത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളിൽ ഏറ്റവും സീനിയറായ ആളാണെന്ന നിലയിലും പത്തുവർഷം മുഖ്യമന്ത്രിയായിരുന്ന ആളാണെന്ന നിലയിലും 16 വർഷം പാർട്ടി സെക്രട്ടറിയായിരുന്ന ആളാണെന്ന നിലയിലുമാണെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം സതീശൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. 'അദ്ദേഹം പ്രതിപക്ഷ നേതൃസ്ഥാനത്തേയ്ക്ക് വരികയാണ്. കേരളത്തിന്റെ പ്രധാന കാര്യങ്ങൾക്ക് ഒരുമിച്ച് നിൽക്കാൻ നമുക്ക് സാധിക്കണം. അതിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അക്കാര്യത്തിൽ അദ്ദേഹത്തിന്റെ പിന്തുണ അഭ്യർത്ഥിക്കുകയാണ്. സർക്കാരുകൾ എന്നാൽ തുടർച്ചയാണ്. ഒരു സർക്കാർ തുടങ്ങിയ പരിപാടി മറ്റൊരു സർക്കാർ മാറ്റിയാൽ കേരളം ഉണ്ടാകില്ല. അദ്ദേഹത്തെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചു.'- വി ഡി സതീശൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. അതേസമയം, പിണറായി വിജയൻ മാദ്ധ്യങ്ങളോട് പ്രതികരിച്ചില്ല.