
തിരുവനന്തപുരം: 93-ാമത് ശിവഗിരി തീർത്ഥാടനം ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്‌തു. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, കേന്ദ്ര മന്ത്രി സുരേഷ് ഗോപി, മന്ത്രി എം ബി രാജേഷ്, ശശി തരൂർ എംപി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയാണ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചത്.
'എത്രയോ വർഷങ്ങൾക്ക് മുമ്പ് ശ്രീനാരായണഗുരുജി നമ്മളെ പഠിപ്പിച്ച പാഠങ്ങൾ ഇന്നും നമ്മെ പ്രചോദിപ്പിക്കുന്നു. മാത്രമല്ല ഇനി വരാനിരിക്കുന്ന കാലത്തും ആ ചിന്തകൾ നമ്മളെ പ്രചോദിപ്പിക്കും എന്ന കാര്യത്തിൽ സംശയമില്ല. ഇന്നിവിടെ പ്രകാശനം ചെയ്യപ്പെട്ട നാല് പുസ്‌തകങ്ങൾ സൂചിപ്പിക്കുന്നത് ഗുരുജിയുടെ തത്വങ്ങളും തത്വചിന്തകളും എല്ലാകാലത്തും ഗവേഷണം ചെയ്യപ്പെടുമെന്നതാണ്. വരും വർഷങ്ങളിലും ഗവേഷണങ്ങൾ നടക്കുമെന്നതിന്റെ തെളിവ് കൂടിയാണിത്.
ശശി തരൂർ എംപി, കേരള സർവകലാശാലയിലെ അദ്ധ്യാപകൻ തുടങ്ങിയവർ എഴുതിയ ഈ നാല് പുസ്‌തകത്തിന് പിന്നിലെ അധ്വാനത്തെ ഞാൻ അഭിനന്ദിക്കുന്നു. വിശ്വാസവും പ്രതീക്ഷയും പ്രത്യാശയുമായി ഇവിടെ എത്തിച്ചേർന്ന സർവജനങ്ങളോടും ഞാനെന്റെ മനസ് തുറന്ന് ആശംസ അറിയിക്കുന്നു. ഇന്ന് നിങ്ങളുടെ മുന്നിൽ ഇങ്ങനെ നിൽക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്. ഇന്ന് 93-ാമത് തീർത്ഥാടനം ആഘോഷിക്കുന്ന വേളയിൽ, ഞാനിപ്പോൾ നിൽക്കുന്നത് വെറുമൊരു ഭൂമിയിലല്ല, മറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുന്ന ഭൂമിയിലാണെന്ന് മനസിലാക്കുന്നു. മനസിന്റെയും ഹൃദയത്തിന്റെയും യാത്രയാണ് ശിവഗിരി. വേദാന്തത്തിന്റെ ഭൂമിയാണ്. നല്ല സംഘാടനത്തിലൂടെയും വിദ്യാഭ്യാസത്തിലൂടെയും നല്ലൊരു സമൂഹത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്വാമി പ്രവർത്തിച്ചത്' - ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്‌ണൻ ഉദ്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു.

തീർത്ഥാടന സമ്മേളനം നാളെ രാവിലെ 9.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വിശിഷ്ടാതിഥിയായിരിക്കും. 50 ലക്ഷത്തിലധികം തീർത്ഥാടകർ ഇക്കുറി എത്തുമെന്നാണ് പ്രതീക്ഷ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തു നിന്നുമായി 150ലധികം പദയാത്രകൾ ശിവഗിരിയിലെത്തും. ഡിസംബർ 30, 31, ജനുവരി ഒന്ന് തീയതികളിലായി നടക്കുന്ന തീർത്ഥാടനത്തിലെ ഭക്തജനത്തിരക്ക് കുറയ്ക്കാൻ ഡിസംബർ 15 മുതൽ തീർത്ഥാടനകാലം തുടങ്ങിയിരുന്നു.
ശിവഗിരി തീർത്ഥാടനത്തിനായി ശ്രീനാരായണഗുരുദേവൻ അരുൾചെയ്ത എട്ട് വിഷയങ്ങൾ അടിസ്ഥാനമാക്കിയുള്ള സമ്മേളനങ്ങളാണ് ഓരോ ദിവസവും നടക്കുക. ഇതുപ്രകാരം 12 സമ്മേളനങ്ങളാണ് സംഘടിപ്പിച്ചിട്ടുള്ളത്. ഗുരുദേവൻ ശിഷ്യപരമ്പരയെ വാർത്തെടുക്കുന്നതിന്റെ ഭാഗമായി സ്വാമി ബോധാനന്ദയെ അഭിഷേകം ചെയ്തതിന്റെ ശതാബ്ദിയും ഗുരുദേവ - മഹാത്മാഗാന്ധി സമാഗമ ശതാബ്ദി ആഘോഷ സമാപനവും സ്വാമി സത്യവ്രത സമാധി ശതാബ്ദിയും ഒരുമിക്കുന്ന പശ്ചാത്തലത്തിലാണ് ഇത്തവണത്തെ തീർത്ഥാടനം നടക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |