
ശിവഗിരി: തീർത്ഥാടക സഹസ്രങ്ങളെ വരവേൽക്കാൻ ശിവഗിരിയും പരിസരപ്രദേശങ്ങളും ഒരുങ്ങി. പീത പതാകകളും കൊടിതോരണങ്ങളും കമാനങ്ങളും കണ്ണഞ്ചിപ്പിക്കുന്ന വൈദ്യുത ദീപാലങ്കാരങ്ങളും നാടാകെ നിരന്നു. വർക്കല-ശിവഗിരി റെയിൽവേ സ്റ്റേഷൻ മുതൽ പാലച്ചിറ വരെയും നടയറ മുതൽ ശിവഗിരി വരെയുമാണ് തീർത്ഥാടകരെ വരവേൽക്കാൻ അണിഞ്ഞൊരുങ്ങിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി എസ്.എൻ.ഡി.പി യോഗം ശാഖകൾ, ഗുരുധർമ്മ പ്രചാരണ സഭ, ശ്രീനാരായണ പ്രസ്ഥാനങ്ങൾ എന്നിവയുടെ നേതൃത്വത്തിൽ പദയാത്രകളും ശിവഗിരിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു.
വീഥികൾ ഗുരുദേവ മന്ത്രങ്ങളിലലിഞ്ഞു. തീർത്ഥാടകരെ വരവേൽക്കാൻ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. തീർത്ഥാടനകാലം ആരംഭിച്ച 15 മുതൽ ശിവഗിരിയിൽ വൻതിരക്കാണ് അനുഭവപ്പെടുന്നത്. സമാധി മണ്ഡപത്തിലും ശാരദാമഠത്തിലും വൈദികമഠത്തിലും പ്രാർത്ഥനയ്ക്ക് വലിയ തിരക്കാണ്. ഇത്തവണത്തെ ശിവഗിരി തീർത്ഥാടനത്തിന് തുടക്കം കുറിച്ച് രാവിലെ 7.30ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പതാക ഉയർത്തും. 9.30ന് ശിവഗിരി തീർത്ഥാടനം ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
പതിനായിരം പേർക്ക് ഒരേസമയം സമ്മേളനങ്ങൾ വീക്ഷിക്കാവുന്ന രീതിയിലാണ് വേദി സജീകരിച്ചിട്ടുള്ളത്. തീർത്ഥാടകർക്ക് ഭക്ഷണം നൽകുന്നതിനായി അന്നദാന പന്തലും ഒരുക്കി. കാർഷിക വ്യാവസായിക പ്രദർശനം, വാണിജ്യമേള, വിവിധ സ്റ്റാളുകൾ എന്നിവയുമുണ്ട്. നഗരസഭയുടെയും വിവിധ സർക്കാർ വകുപ്പുകളുടെയും ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യവും ശിവഗിരിയിലുണ്ട്. രാത്രിയിലെ കലാപരിപാടികൾ കാണാനും തിരക്കുണ്ട്.
സുരക്ഷയ്‌ക്ക് 1000 പൊലീസുകാർ
ശിവഗിരിയും പരിസരപ്രദേശവും മാത്രമല്ല ഉപരാഷ്ട്രപതിയുടെ ഹെലികോപ്ടറിറങ്ങുന്ന പാപനാശം ഹെലിപാട് മുതൽ ശിവഗിരി വരെയും ശക്തമായ പൊലീസ് സുരക്ഷ ഒരുക്കി. ആയിരം പൊലീസുകാരെയും റിസർവ് പൊലീസിനെയും രഹസ്യാന്വേഷണ വിഭാഗത്തെയും നിയോഗിച്ചിട്ടുണ്ട്. ഞായറാഴ്ചയും തിങ്കളാഴ്ച വൈകിട്ടും ഹെലിപാട് മുതൽ ശിവഗിരി വരെയും തിരിച്ചും പൊലീസ് ട്രയൽ റൺ നടത്തി. സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗവും വിലയിരുത്തലും നടക്കുന്നുണ്ട്. ഇന്ന് രാവിലെ മുതൽ ആദ്യ സമ്മേളനം കഴിയുന്നത് വരെ കർശന ഗതാഗത നിയന്ത്രണങ്ങളുമുണ്ടാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |