
തിരുവനന്തപുരം: മഹാസമാധി വലംവച്ച് ദർശന പുണ്യം നേടാൻ ഭക്തജന ലക്ഷങ്ങൾ ഇനിയുള്ള മൂന്നു ദിവസങ്ങളിൽ ശിവഗിരിയിലേക്ക് ഒഴുകും. ഗുരുദേവൻ അരുളിചെയ്തത് പ്രകാരമുള്ള ശിവഗിരി മഹാതീർത്ഥാടനത്തിന് ഇന്ന് തുടക്കമാവും. രാവിലെ 9.30 ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ 93-ാമത് തീർത്ഥാടനത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കും.ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ മുഖ്യാതിഥിയാവും. കേന്ദ്ര മന്ത്രി സുരേഷ് ഗോപി, മന്ത്രി എം.ബി. രാജേഷ് തുടങ്ങിയവർ പങ്കെടുക്കും. 50 ലക്ഷത്തിലധികം തീർത്ഥാടകർ ഇക്കുറി എത്തുമെന്നാണ് പ്രതീക്ഷ.
തീർത്ഥാടന സമ്മേളനം നാളെ രാവിലെ 9.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വിശിഷ്ടാതിഥിയായിരിക്കും.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തു നിന്നുമായി 150 ലധികം പദയാത്രകൾ ശിവഗിരിയിലെത്തും. ഡിസംബർ 30,31, ജനുവരി ഒന്ന് തീയതികളിലായി നടക്കുന്ന തീർത്ഥാടനത്തിലെ ഭക്തജനത്തിരക്ക് കുറയ്ക്കാൻ ഡിസംബർ 15 മുതൽ തീർത്ഥാടനകാലം തുടങ്ങിയിരുന്നു. ശിവഗിരി തീർത്ഥാടനത്തിനായി ശ്രീനാരായണഗുരുദേവൻ അരുൾചെയ്ത എട്ട് വിഷയങ്ങൾ അടിസ്ഥാനമാക്കിയുള്ള സമ്മേളനങ്ങളാണ് ഓരോ ദിവസവും നടക്കുക. ഇതുപ്രകാരം 12 സമ്മേളനങ്ങളാണ് സംഘടിപ്പിച്ചിട്ടുള്ളത്. ഗുരുദേവൻ ശിഷ്യപരമ്പരയെ വാർത്തെടുക്കുന്നതിന്റെ ഭാഗമായി സ്വാമി ബോധാനന്ദയെ അഭിഷേകം ചെയ്തതിന്റെ ശതാബ്ദിയും ഗുരുദേവ - മഹാത്മാഗാന്ധി സമാഗമ ശതാബ്ദി ആഘോഷ സമാപനവും സ്വാമി സത്യവ്രത സമാധി ശതാബ്ദിയും ഒരുമിക്കുന്ന പശ്ചാത്തലത്തിലാണ് ഇത്തവണത്തെ തീർത്ഥാടനം നടക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |