
ശിവഗിരി: മഹാസമാധി സന്ദർശിച്ച് ഗുരുദേവനെ വണങ്ങി ആത്മസായൂജ്യം നേടാൻ ശിവഗിരിയിലേക്ക് ശ്രീനാരായണീയരുടെ പ്രവാഹം. ഇന്നലെ സന്ധ്യ കഴിഞ്ഞതോടെ മണ്ണ് നുള്ളിയിടാൻ കഴിയാത്ത വിധമായിരുന്നു ഗുരുഭക്തരുടെ തിരക്ക്. ഉച്ചയ്ക്ക് ഗുരുപ്രസാദം സ്വീകരിക്കാനും വൻ തിരക്കായിരുന്നു. സ്വയം നിയന്ത്രിച്ച് തീർത്ഥാടകർ നീങ്ങിയതിനാൽ ഒരുവിധ അസൗകര്യങ്ങളും അനുഭവപ്പെട്ടില്ല.
തിരക്ക് കുറയ്ക്കാൻ മഹാതീർത്ഥാടനത്തിന് മുന്നോടിയായി ഡിസംബർ 15 മുതൽ തീർത്ഥാടനകാലം തുടങ്ങിയിരുന്നു. 50 ലക്ഷത്തോളം തീർത്ഥാടകർ എത്തുമെന്നാണ് കരുതുന്നത്. ജനുവരി അഞ്ചുവരെയാണ് തീർത്ഥാടനകാലം. വർദ്ധിച്ചു വരുന്ന വനിതാ പങ്കാളിത്തമാണ് മറ്റൊരു സവിശേഷത.
സംസ്ഥാനത്തിന്റെ വിവിധ കോണുകളിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമുള്ള പദയാത്രസംഘങ്ങൾ ഇന്നലെ വൈകിട്ട് മുതൽ എത്തിത്തുടങ്ങി. 170 പദയാത്രകളാണ് മുൻകൂട്ടി രജിസ്റ്റർ ചെയ്തിട്ടുള്ളത്. ചെറു പദയാത്രാസംഘങ്ങൾ ഇതിനു പുറമെയാണ്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഗുരുഭക്തരും ദിവസങ്ങൾക്കു മുമ്പേ ശിവഗിരിയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.
പീതവസ്ത്രധാരികളായി സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ളവരാണ് ഓം നമോ നാരായണ മന്ത്രമുരുവിട്ട് സമാധിയിലെത്തുന്നത്. റെയിൽവേ സ്റ്റേഷൻ റോഡുമുതൽ മഹാസമാധി വരെയുള്ള പാതയുടെ ഇരുവശങ്ങളും ദീപാലംകൃതമാണ്. ഇന്നു പുലർച്ചെ 5.30 ന് പുറപ്പെടുന്ന തീർത്ഥാടന ഘോഷയാത്രയിൽ പദയാത്രാസംഘങ്ങളും അണി ചേരും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി ശാരദാനന്ദ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തീർത്ഥാടന പരിപാടികൾ പുരോഗമിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |