
ശിവഗിരി: ശ്രീനാരായണ ഗുരുവിന്റെ ഓരോ സന്ദേശത്തിലും പ്രവൃത്തിയിലും നാം കണ്ടത് അദ്ദേഹത്തിന്റെ ധാർമ്മികതയുടെ തിളക്കമാണെന്ന് ബീഹാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗുരുധർമ്മത്തിന്റെ പരമമായ ലക്ഷ്യം ഒരു സാർവലൗകിക ക്രമത്തിന്റെ സൃഷ്ടിയായിരുന്നു.
93-ാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് 'ഗുരുദേവന്റെ ഏകലോക വ്യവസ്ഥിതിയും ആത്മീയതയും ' എന്ന വിഷയത്തിലുള്ള സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭാരതീയ ഗുരുപരമ്പരയിൽ സമീപകാലത്ത് നമ്മുടെ മുന്നിൽ അവതരിച്ച മഹർഷിയാണ് ശ്രീനാരായണ ഗുരു. ആത്മീയതയിലൂടെ അദ്ദേഹം വിഭാവനം ചെയ്ത ലോകക്രമത്തിന്റെ മുഖമുദ്ര സമത്വവും സാഹോദര്യവുമാണ്. സമൂഹത്തിലെ കൊടിയ അനീതികളെ സൗമ്യമായി നേരിട്ട് ജയിക്കാനുള്ള ഊർജം ഗുരുവിന് നൽകിയത് ധാർമ്മികതയായിരുന്നു. സമത്വവും സാഹോദര്യവും എക്കാലവും നിലനിൽക്കണമെങ്കിൽ ഗുരുവിന്റെ പാതയിലൂടെ മുന്നോട്ട് പോകണം. അതിനുള്ള ഓർമ്മപ്പെടുത്തലാണ് ഓരോ ശിവഗിരി തീർത്ഥാടനവും.
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷനായി. മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ, കുമ്മനംരാജശേഖരൻ, കെ.ജെ.മാക്സി എം.എൽ.എ, കെ.ജി.ബാബുരാജൻ എന്നിവർ പ്രസംഗിച്ചു. തീർത്ഥാടന കമ്മിറ്രി ജോ.സെക്രട്ടറി സ്വാമി വിരജാനന്ദഗിരി സ്വാഗതവും ഡൽഹി ശ്രീനാരായണ കേന്ദ്രം പ്രസിഡന്റ് ബീനാബാബുറാം നന്ദിയും പറഞ്ഞു.
സൗഹൃദം പുലരുന്നത് സനാതന
ധർമ്മം കൊണ്ട്: വി. മുരളീധരൻ
ശിവഗിരി: മതങ്ങൾക്കതീതമായ മാനവ സൗഹൃദം ഭാരതത്തിൽ നിലനിൽക്കുന്നത് സനാതന ധർമ്മം പുലരുന്നതിനാലാണെന്ന് മുൻ കേന്ദ്ര മന്ത്രി വി.മുരളീധരൻ. ഇത് അറിയാത്തവരാണ് സനാതന ധർമ്മത്തെ വിമർശിക്കുന്നത്. ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് 'ഗുരുവിന്റെ ഏകലോക വ്യവസ്ഥിതിയും ആത്മീയതയും' എന്ന വിഷയത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യരിൽ സമത്വം ഉണ്ടാവുമ്പോൾ ഒറ്റലോകമായി മാറും. വിഭജനങ്ങൾ മനുഷ്യസൃഷ്ടിയാണെന്നും അത് വളർച്ചയ്ക്ക് തടസമുണ്ടാക്കുമെന്നും ഗുരു ഉദ്ബോധിപ്പിച്ചു. ഭാരതത്തിന്റെ സാംസ്കാരിക പൈതൃകത്തിൽ നിന്നാണ് ഗുരു സനാതന ധർമ്മം ഉൾക്കൊണ്ടത്. വിഭാഗീയത ഇല്ലാത്ത ലോകസൃഷ്ടിയാണ് ഗുരു വിഭാവനം ചെയ്തത്.
ആരിഫ് മുഹമ്മദ് ഖാന് പ്രശംസ
ശിവഗിരി: ബീഹാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പ്രശംസിച്ച് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. ഗുരുദേവനോട് വലിയ ആദരവ് പുലർത്തുന്ന വ്യക്തിയാണ് ആരീഫ് മുഹമ്മദ് ഖാനെന്ന് സ്വാമി ചൂണ്ടിക്കാട്ടി. കേരള ഗവർണറായിരുന്നപ്പോൾ ഒരു ചതയദിനത്തിൽ സുരക്ഷാ ക്രമങ്ങളൊന്നുമില്ലാതെ, ശിവഗിരി മഠത്തെ അറിയിക്കുക പോലും ചെയ്യാതെയാണ് അദ്ദേഹം സകുടുംബം മഹാസമാധിയിലെത്തിയത്. ബീഹാർ സർക്കാരിന്റെ ആഭിമുഖ്യത്തിൽ രണ്ടു മാസത്തിനുള്ളിൽ ശ്രീനാരായണ ഗുരുവിനെക്കുറിച്ചുള്ള പ്രഭാഷണം സംഘടിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ടെന്നും സ്വാമി പറഞ്ഞു. ഇന്നലെ ശിവഗിരി മഠത്തിന്റെ ഗസ്റ്ര് ഹൗസിൽ നിന്ന് സമ്മേളന വേദിയിലേക്ക് നഗ്നപാദനായാണ് മുഹമ്മദ് ഖാനെത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |