
തിരുവനന്തപുരം: ഗുരുദേവ ഭക്തിയുടെ നിറവിൽ 93-ാമത് ശിവഗിരി തീർത്ഥാടന മഹാമഹത്തിന് നാളെ തുടക്കം. 30, 31, ജനുവരി ഒന്ന് തീയതികളായി നടക്കുന്ന തീർത്ഥാടനത്തിനായി ശിവഗിരി ഒരുങ്ങി. വർത്തമാനകാല വികസന മുന്നേറ്റത്തിൽ ശ്രീനാരായണ ഗുരുദേവ ദർശനത്തിന്റെ പ്രസക്തി മുഖ്യവിഷയമാക്കിയാണ് ഇത്തവണത്തെ തീർത്ഥാടന സമ്മേളനങ്ങൾ നടക്കുന്നത്. 50 ലക്ഷത്തിലധികം ഗുരുദേവ ഭക്തർ മഹാസമാധിയിലെത്തുമെന്നാണ് പ്രതീക്ഷ.
നാളെ രാവിലെ 9.30ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ശിവഗിരി തീർത്ഥാടനം ഉദ്ഘാടനം ചെയ്യും. മഹാതീർത്ഥാടന സമ്മേളനം 31ന് രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയനും ഉദ്ഘാടനം ചെയ്യും. ശിവഗിരി തീർത്ഥാടനത്തിന് ഗുരു കല്പിച്ചനുവദിച്ച എട്ടു വിഷയങ്ങളുമായി ബന്ധപ്പെട്ട് 12 സമ്മേളനങ്ങളാണ് സംഘടിപ്പിച്ചിട്ടുള്ളത്. കാലിക പ്രസക്തമായ വിഷയങ്ങളെ അധീകരിച്ചാവും സമ്മേളനങ്ങളുടെ അവതരണം. ഗുരുദേവന്റെ മഹാസമാധി ശതാബ്ദി രാഷ്ട്രപതി ദ്രൗപതി മുർമു ഒക്ടോബറിൽ ഉദ്ഘാടനം ചെയ്‌തതിന്റെ തുടർച്ചയായാണ് ഇത്തവണത്തെ തീർത്ഥാടനം. ഗുരുദേവൻ ശിഷ്യപരമ്പരയെ വാർത്തെടുക്കുന്നതിന്റെ ഭാഗമായി സ്വാമിബോധാനന്ദയെ അഭിഷേകം ചെയ്തതിന്റെ ശതാബ്ദിയും ഗുരുദേവ - മഹാത്മാഗാന്ധി സമാഗമ ശതാബ്ദി സമാപനത്തിന്റെയും സ്വാമി സത്യവ്രത സമാധി ശതാബ്ദിയുടെയും നിറവിലാണ് ഇത്തവണത്തെ തീർത്ഥാടനം നടക്കുന്നത്.
ഗുരുദേവൻ തീർത്ഥാടനത്തിന് അനുമതി നൽകിയ കോട്ടയം നാഗമ്പടം ക്ഷേത്രാങ്കണത്തിൽ നിന്ന് പുറപ്പെട്ട തീർത്ഥാടന നഗറിൽ ഉയർത്താനുള്ള ധർമ്മപതാകയും കോഴിക്കോട് ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിൽ നിന്നുള്ള ശ്രീനാരായണ ദിവ്യജ്യോതിസും ചേർത്തല കളവംകോടം ശ്രീശാക്തീശ്വര ക്ഷേത്രത്തിൽ നിന്നുള്ള കൊടിക്കയർ പദയാത്രയും ഇലവുംതിട്ട കേരള വർമ്മ സൗധത്തിൽ (മൂലൂർ വസതി) നിന്ന് പുറപ്പെട്ട തീർത്ഥാടന സമ്മേളന വേദിയിൽ സ്ഥാപിക്കാനുള്ള ഗുരുവിന്റെ പഞ്ചലോഹ വിഗ്രഹവും ഇന്ന് വൈകിട്ട് ശിവഗിരിയിലെത്തും.
നാളെ രാവിലെ തീർത്ഥാടന പരിപാടികളുടെ ഉദ്ഘാടന ചടങ്ങിൽ ശ്രീനാരായണധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കും. ഗവർണർ രജേന്ദ്ര വിശ്വനാഥ് അർലേക്കർ മുഖ്യാതിഥിയാകും. ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രി എം.ബി. രജേഷ്, സോഹോ കോർപ്പറേഷൻ മുഖ്യ ശാസ്ത്രജ്ഞൻ ഡോ. ശ്രീധർ വെമ്പു, കെ.ജി. ബാബുരാജൻ (ബഹറിൻ), തീർത്ഥാടന കമ്മിറ്റി ചെയർമാൻ ഡോ. എ.വി. അനൂപ് എന്നിവർ പ്രസംഗിക്കും. സെക്രട്ടറി സ്വാമി ശാരദാനന്ദ സ്വാഗതം ആശംസിക്കും. ധർമ്മസംഘം ട്രസ്റ്റ് ബോർഡംഗം സ്വാമി പരാനന്ദ ദീപം തെളിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |