
ശിവഗിരി: അറിവ് തേടിയുള്ള നിരന്തര അന്വേഷണമാവണം ജീവിതമെന്ന് പ്രതിപക്ഷ നേതാവ് വി,ഡി.സതീശൻ. ജീവിതത്തിന്റെ പൊരുൾ കണ്ടെത്തിയ സന്യാസിവര്യനായിരുന്നു ശ്രീനാരായണ ഗുരുദേവൻ. ഭക്തിയിലധിഷ്ഠിതമായ ജ്ഞാനമാർഗമായിരുന്നു ഗുരുവിന്റേത്.
93-ാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് വിദ്യാഭ്യാസം എന്ന തീർത്ഥാടന ലക്ഷ്യത്തിന്റെ ഭാഗമായുള്ള സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സതീശൻ.
ഉന്നതവിദ്യാഭ്യാസ രംഗത്തും അടിസ്ഥാന വിദ്യാഭ്യാസ രംഗത്തും സമഗ്രമാറ്രം വരുത്തേണ്ടതുണ്ട്. ലോകത്തിന്റെ മാറ്രത്തിന് അനുസരണമായി നമ്മുടെ കോഴ്സുകളും മാറ്റണം. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യകേന്ദ്രമാക്കി കേരളത്തെ മാറ്റുകയാണ് വേണ്ടത്.
വിജ്ഞാന വിസ്ഫോടനത്തിന്റെ കാലഘട്ടമാണ് ഇത്.
മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിനൊപ്പം തൊഴിൽ സാദ്ധ്യതയും വേണം. ലോകത്തെമ്പാടും തൊഴിലുകളുടെ സ്വഭാവവും മാറിക്കൊണ്ടിരിക്കുകയാണ്. ഇതിനനുസരണമായ കോഴ്സുകളാണ് ഇനി വേണ്ടത്. മനുഷ്യബുദ്ധിക്ക് അതീതമായ സൂപ്പർ ഇന്റലിജൻസിന്റെ കാലമാണ് ഇതെന്നും സതീശൻ പറഞ്ഞു.
വേണ്ടത്, മൂല്യങ്ങളെ മുറുകെപ്പിടിച്ചുള്ള
വിദ്യാഭ്യാസം: രമേശ് ചെന്നിത്തല
ശിവഗിരി: ജീവിതമൂല്യങ്ങളെ മുറുകെപ്പിടിച്ചുള്ള വിദ്യാഭ്യാസവും ശാസ്ത്രസാങ്കേതിക വളർച്ചയുമാണ് സമൂഹത്തിന് ആവശ്യമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. 'മാറേണ്ട വിദ്യാഭ്യാസവും മാറരുതാത്ത മൂല്യങ്ങളും" എന്ന വിഷയം ആധാരമാക്കി നടന്ന സമ്മേളനത്തിൽ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു ചെന്നിത്തല.
ധാർമ്മിക ബോധത്തോടെ ജീവിക്കാൻ കഴിയുംവിധം പുതുതലമുറയെ ഉദ്ബുദ്ധമാക്കണം. അതിനനുസരണമായി വിദ്യാഭ്യാസ സമ്പ്രദായം സജ്ജമാകണം. മനുഷ്യത്വത്തോടെ ജീവിക്കാനുള്ള സന്ദേശമാണ് ശ്രീനാരായണ ഗുരുദേവൻ പകർന്നുനൽകിയത്. പൊതുവിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകി കേരളത്തിന് മുന്നോട്ടുപോകാൻ സാധിച്ചത് ശ്രീനാരായണ ഗുരുവിന്റെ വിദ്യാഭ്യാസ ആഹ്വാനം സ്വാധീനിച്ചതിനാലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എ.ഐ സാങ്കേതിക വിദ്യയുടെ കാലഘട്ടമാണിത്. മരണത്തെപ്പോലും അതിജീവിക്കാൻ സാധിക്കുംവിധമാണ് പരീക്ഷണങ്ങൾ പുരോഗമിക്കുന്നത്. ആയുസ് കൂട്ടാനുള്ള പരീക്ഷണങ്ങളും ലോകമെമ്പാടും നടക്കുന്നു. പുതിയ വെല്ലുവിളികൾ നേരിടാൻ സാധിക്കുന്ന തരത്തിൽ അദ്ധ്യാപകരും മാറണം. ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടിൽ മാനവ സമൂഹത്തെ തളച്ചിടാനുള്ള ശ്രമങ്ങൾ രാജ്യത്ത് ഇപ്പോഴും നടക്കുന്നുണ്ട്. അതിനെ നേരിടാനുള്ള ദർശനമാണ് ഗുരുദേവൻ നൽകിയതെന്നും ചെന്നിത്തല പറഞ്ഞു.
സാമൂഹ്യ നീതിക്ക് വിദ്യാഭ്യാസം പ്രധാനം: ശ്രീധർ വെമ്പു
ശിവഗിരി: എല്ലാ ജനവിഭാഗങ്ങൾക്കും സാമൂഹ്യനീതി ലഭ്യമാകാൻ വിദ്യാഭ്യാസം പ്രധാനമാണെന്ന് സോഹോ കോർപ്പറേഷൻ കോ ഫൗണ്ടർ ഡോ. ശ്രീധർ വെമ്പു. മാറേണ്ട വിദ്യാഭ്യാസവും മാറരുതാത്ത മൂല്യങ്ങളും എന്ന വിഷയത്തിൽ നടന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാങ്കേതിക വിദ്യയുടേതാണ് പുതിയ കാലം. സാമ്പത്തിക വ്യവസ്ഥയെ നിയന്ത്രിക്കുന്നത് ഇന്ന് സാങ്കേതിക വിദ്യയാണ്. പുതിയ കാലത്ത് സാങ്കേതിക പരിജ്ഞാനമില്ലാത്തവർ സാമൂഹ്യമായും സാമ്പത്തികമായും പിന്തള്ളപ്പെടും. അതുകൊണ്ട് പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ ആധുനിക സാങ്കേതിക വിദ്യകൾ പരിശീലിപ്പിക്കണം.
വിദ്യാഭ്യാസ ഹബ്ബാകണം: കെ.ആർ. ജ്യോതിലാൽ
സാദ്ധ്യതകൾ പ്രയോജനപ്പെടുത്തി കേരളം ലോകത്തെ ഏറ്റവും വലിയ വിദ്യാഭ്യാസ ഹബ്ബായി മാറണമെന്ന് അഡിഷണൽ ചീഫ് സെക്രട്ടറി കെ.ആർ.ജ്യോതിലാൽ പറഞ്ഞു. കേരളത്തിൽ വിദ്യാർത്ഥികൾ പുറത്തേക്ക് പഠിക്കാൻ പോകുന്നതിലൂടെ 8000 കോടിയാണ് ഒഴുകുന്നത്. രാജ്യത്തെ ഏറ്റവും പ്രമുഖ ബഹിരാകാശ ശാസ്ത്രജ്ഞരിൽ പലരും മലയാളികളാണ്. സുപ്രധാന 17 ധാതുക്കളുടെ വൻ നിക്ഷേപം കേരളത്തിലുണ്ട്. അതിൽ തന്നെ തോറിയം നിക്ഷേപം ഏറ്റവും കൂടുതലുള്ള പ്രദേശം കേരളമാണ്. ആയുർവേദവും സിദ്ധയും കേരളത്തിന്റെ അപൂർവ്വ സിദ്ധികളാണ്. ഇത്തരം മേഖലകളിൽ മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടണം
വിദ്യാഭ്യാസം സർട്ടിഫിക്കറ്റിന് വേണ്ടിയാകരുത്: പി. വിജയൻ
സർട്ടിഫിക്കറ്റുകളും കൂടുതൽ ശമ്പളമുള്ള ജോലിയും ലഭിക്കാൻ വേണ്ടി മാത്രമാകരുത് വിദ്യാഭ്യാസമെന്ന് എ.ഡി.ജി.പി പി. വിജയൻ പറഞ്ഞു. സഹിഷ്ണുതയും ധാർമ്മികതയുമുള്ള തലമുറയെ സൃഷ്ടിക്കുന്നതായി വിദ്യാഭ്യാസം മാറണം. ഈ ലക്ഷ്യമില്ലാത്തത് കൊണ്ടാണ് ഒരു വിഭാഗം വിദ്യാർത്ഥികൾ ലഹരിക്ക് അടിമപ്പെടുകയും ഉറ്റവരെ കൊലപ്പെടുത്തുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാകുന്നത്. വിദ്യാർത്ഥികളിൽ അതിജീവന ശേഷിയും നൈപുണ്യങ്ങളും വളർത്തണം. ലോകത്ത് ഏറ്റവും കൂടുതൽ കുട്ടികളുള്ള രാജ്യമാണ് ഇന്ത്യ. അവർക്ക് ശരിയായ വിദ്യാഭ്യാസം നൽകിയില്ലെങ്കിൽ അയൽരാജ്യങ്ങളിൽ നടന്ന പോലെയുള്ള ജൻസി പ്രക്ഷോഭങ്ങൾ നാളെ ഇന്ത്യക്ക് നേരിടേണ്ടിവരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |