
തിരുവനന്തപുരം: കേരളം രാജ്യത്തിന് നൽകിയ അമൂല്യസംഭാവനയാണ് ശ്രീനാരായണഗുരു എന്ന് ഗവർണർ ആർ.വി.ആർലേക്കർ പറഞ്ഞു. ശിവഗിരി തീർത്ഥാടന സമ്മേളനത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഗുരുദേവ ദർശനമാണ് ഇന്ന് കേരളത്തിനുണ്ടായ വികസനത്തിന്റെ അടിത്തറ. പോയകാലത്തെ മാത്രമല്ല ഇക്കാലത്തും വരുംകാലത്തും സമൂഹത്തിന് ശരിയായ വഴികാണിക്കുന്ന വെളിച്ചമാണ് ഗുരുദേവൻ. അദ്ദേഹത്തിന്റെ ദർശനങ്ങളും ഓർമ്മകളും ജീവിതവും എന്നും പ്രചോദനമാണ്. മാനവികതയെക്കുറിച്ച് ഇത്ര ലളിതമായും ആഴത്തിലും പഠിപ്പിച്ച ആചാര്യൻ വേറെയില്ല.
ഗുരുദേവന് ആഗോളസ്വീകാര്യത:സ്വാമി സച്ചിദാനന്ദ
തിരുവനന്തപുരം:ശ്രീനാരായണ ഗുരുദേവന് ആഗോള സ്വീകാര്യത ലഭിച്ചവർഷമാണിതെന്ന് ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. തീർത്ഥാടന സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയും ശ്രീലങ്കയും ഗുരുദേവസ്മരണ നിലനിറുത്തി സ്റ്റാമ്പ് പുറത്തിറക്കിയതിന് പിന്നാലെ ആസ്ട്രേലിയൻ സർക്കാരും ഗുരുദേവസ്റ്റാമ്പ് പുറത്തിറക്കി.ഗുരുദേവദർശനം ആഗോളസമാധാനത്തിന് പ്രചോദനവും ഊർജ്ജവുമാണെന്ന് മാർപ്പാപ്പ പറഞ്ഞു. ഗുരു ഇന്ത്യയുടെ ആത്മാവാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിശേഷിപ്പിച്ചു.
തീർത്ഥാടനം നവോത്ഥാനത്തിന് ചാലക ശക്തി:ശുഭാംഗാനന്ദ
ശിവഗിരി: തീർത്ഥാടനത്തിന് പുതിയ രൂപവും ഭാവവും നൽകിയാണ് ഇത്തവണ ശിവഗിരി തീർത്ഥാടനം തുടങ്ങുന്നതെന്ന് ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പറഞ്ഞു. തീർത്ഥാടന സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യഥാർത്ഥ ജീവിതവിജയത്തിലേക്ക് സമൂഹത്തെ കൂട്ടിക്കൊണ്ടുപോകുന്നതാണ് തീർത്ഥാടന ലക്ഷ്യം. നവോത്ഥാനത്തിന്റെ ചാലക ശക്തിയായി മാറാൻ തീർത്ഥാടനത്തിനായി.ലോകം നേരിടുന്ന വെല്ലുവിളികൾക്ക് പ്രത്യൗഷധമാണ് ഗുരുദേവ ദർശനങ്ങൾ. അതിന്റെ പ്രായോഗികത ജനഹൃദയങ്ങളിലെത്തിക്കാൻ തീർത്ഥാടനത്തിനാകും.
ഏകലോക വ്യവസ്ഥിതിയുടെ പ്രസക്തി ഏറുന്നു: കുമ്മനം
ശിവഗിരി: സംഘർഷങ്ങളും ഏറ്രുമുട്ടലുകളും ലോകത്താകമാനം ഭയാനകമായ അന്തരീക്ഷം സൃഷ്ടിക്കുമ്പോൾ , ശ്രീനാരായണ ഗുരുവിന്റെ ഏകലോക വ്യവസ്ഥിതിയുടെ കാലിക പ്രസക്തി വർദ്ധിക്കുകയാണെന്ന് മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ. ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് 'ഗുരുദേവന്റെ ഏകലോക വ്യവസ്ഥിതിയും ആത്മീയതയും 'എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഭൂമി ഒന്നേയുള്ളു, പക്ഷേ ഏകലോക സങ്കൽപ്പത്തിന് വിരുദ്ധമായി ഭൂമിയെ അളന്നുമുറിക്കുകയാണ്. മതത്തിന്റെ പേരിൽ ഉരുത്തിരിയുന്ന വിയോജിപ്പും പകയും കാരുണ്യത്തെയും സ്നേഹത്തെയും ചാമ്പലാക്കുന്നു. സമവായം എവിടെ ആവശ്യമായി വരുന്നുവോ അവിടെയാണ് ഗുരുദേവന്റെ ശബ്ദത്തിന് പ്രസക്തിയേറുന്നത്. അവനവനാത്മ സുഖത്തിനാചരിക്കുന്നവ അപരന്റെ സുഖത്തിനായ് വരേണം എന്ന ദർശനത്തിന്റെ സത്ത അതാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |