തിരുവനന്തപുരം: മരണത്തെ പലവട്ടം മുഖാമുഖം കണ്ട വി.എസ്. അച്യുതാനന്ദൻ ഡോക്ടർമാരെ പോലും അമ്പരപ്പിച്ച് ജീവിതത്തിലേക്ക് അതിവേഗം മടങ്ങിവന്നിട്ടുണ്ട്. അഞ്ചുവർഷത്തോളമായി പൂർണ വിശ്രമത്തിലായിരുന്ന വി.എസ്, സ്ട്രോക്കായും കൊവിഡായും ശ്വാസകോശ സംബന്ധമായ രോഗങ്ങളായും നേരിട്ട വെല്ലുവിളികൾ പലതായിരുന്നു. ജീവിതത്തിലെന്ന പോലെ അദ്ദേഹം രോഗങ്ങളോടും പൊരുതി.
സ്ട്രോക്ക് ബാധിച്ച് കിടപ്പിലാകുന്ന രോഗികളുടെ ശരീരത്തിലുണ്ടാകുന്ന യാതൊരു മാറ്റവും വി.എസിന് ഉണ്ടായിരുന്നില്ല. കിടപ്പിലായിട്ടും അദ്ദേഹത്തിന്റെ തൊലിപ്പുറത്ത് നേരിയ വ്യത്യാസം പോലുമുണ്ടായിരുന്നില്ല. മികച്ച ഫിസിയോതെറാപ്പിയും ന്യൂട്രീഷൻ പരിചരണവുമായിരുന്നു കാരണം.
2019ൽ സ്ട്രോക്ക് ബാധിച്ചതോടെയാണ് ഡോക്ടർമാർ പൂർണവിശ്രമം നിർദ്ദേശിച്ചത്. തിരുവനന്തപുരം തമ്പുരാൻമുക്കിലെ വേലിക്കകത്ത് വീട്ടിലായിരുന്നു വിശ്രമം. പട്ടം എസ്.യു.ടി ആശുപത്രിയിലായിരുന്നു ചികിത്സ. ഡോക്ടർമാരുടെ നിർദ്ദേശാനുസരണം കൃത്യമായി മകൻ അരുൺകുമാർ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ച് പരിശോധനകൾക്ക് വിധേയനാക്കിയിരുന്നു.
സ്കാനിംഗിന് കഴിഞ്ഞമാസം 22ന് ആശുപത്രിയിലെത്തിച്ചിരുന്നു. പിറ്റേന്ന് രാവിലെയാണ് ഹൃദയാഘാതത്തെ തുടർന്ന് വീണ്ടുമെത്തിച്ചത്. തുടർന്ന് ഐ.സി.യുവിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. ഹൃദയത്തിന്റെ പ്രവർത്തനം മെച്ചപ്പെട്ടെങ്കിലും തലച്ചോറിലും വൃക്കയിലും സാരമായ തകരാറുണ്ടായി. ഇതിനിടെ സർക്കാർ നിയോഗിച്ച മെഡിക്കൽ കോളേജിലെ വിദഗ്ദ്ധ സംഘവും വി.എസിന്റെ ആരോഗ്യനില വിലയിരുത്തി. 29 ദിവസത്തെ ആശുപത്രി വാസത്തിനൊടുവിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് ആന്തരിക രക്തസ്രാവത്തെ തുടർന്നാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്.
എസ്.യു.ടിയിലെ മെഡിക്കൽ സൂപ്രണ്ട് ഡോ.രാജശേഖരന്റെ നേതൃത്വത്തിലായിരുന്നു ചികിത്സ ഏകോപിപ്പിച്ചത്. ന്യൂറോളജിസ്റ്റ് ഡോ.അയ്യപ്പൻ, കാർഡിയോളജിസ്റ്റ് ഡോ.പ്രവീൺ.വി.കെ, ക്രിട്ടിക്കൽ കെയർ വിഭാഗത്തിലെ ഡോ.ബിജു.സി.നായർ,ഡോ.ധന്യ,ഡോ.വിദ്യ,ഡോ.ഷിബു, നെഫ്രോളജിയിലെ ഡോ.വിഷ്ണു,ഡോ.നയന,ഡോ.ജേക്കബ്, ജനറൽ മെഡിസിനിലെ ഡോ.ധന്യ ഉണ്ണികൃഷ്ണൻ എന്നിവർ വി.എസിന്റെ അവസാന നാളുകളിൽ കരുതലും കാവലുമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |