'വി ഡി സതീശൻ സത്യപ്രതിജ്ഞ ചടങ്ങിലേയ്ക്ക് ക്ഷണിച്ചു; ബിജെപിയിലെ മൂന്ന് നിയുക്ത എംഎൽഎമാരും പങ്കെടുക്കും'
തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി ഡി സതീശൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്ന ചടങ്ങിൽ പങ്കെടുക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷനും നേമത്തെ നിയുക്ത എംഎൽഎയുമായ രാജീവ് ചന്ദ്രശേഖർ. തിരഞ്ഞെടുപ്പിൽ വിജയിച്ച മറ്റ് രണ്ട് ബിജെപി നിയുക്ത എംഎൽഎമാരും ചടങ്ങിൽ പങ്കെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
കുറിപ്പിന്റെ പൂർണരൂപം
നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ എന്നെ ഫോണിൽ ബന്ധപ്പെട്ട് സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിക്കുകയുണ്ടായി. അദ്ദേഹത്തിന് എന്റെ നന്ദിയും ആശംസകളും അറിയിച്ചു. ബിജെപി/എൻഡിഎ മുന്നണിയിലെ എന്റെ സഹ എംഎൽഎമാരും സഹപ്രവർത്തകരും മേയ് 18ന് നടക്കുന്ന ചടങ്ങിൽ പങ്കെടുക്കും.
സെൻട്രൽ സ്റ്റേഡിയത്തിൽ തിങ്കളാഴ്ച രാവിലെ പത്തിന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ കോൺഗ്രസ് ഭരിക്കുന്ന കർണാടക, തെലങ്കാന, ഹിമാചൽപ്രദേശ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും തമിഴ്നാട് മുഖ്യമന്ത്രി വിജയ്യും പങ്കെടുക്കും. ഇവർക്ക് ചീഫ് സെക്രട്ടറി ക്ഷണ കത്തയച്ചു. രാഹുൽഗാന്ധി, പ്രിയങ്കാഗാന്ധി, മല്ലികാർജ്ജുൻ ഖാർഗെ, കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറടക്കം പങ്കെടുക്കും. വിജയം നേടിയത് ടീം യു.ഡി.എഫ് ആയതിനാൽ മന്ത്രിസഭ ഒന്നടങ്കം സത്യപ്രതിജ്ഞ ചെയ്യണമെന്ന നിലപാടിലാണ് വി ഡി സതീശൻ.