ഇനി പുതിയമുഖം: വീട്ടിൽ നിന്നുപോലും വിമർശനമുണ്ട്,​ ശരീരഭാഷ മാറ്റുമെന്ന് എം വി ഗോവിന്ദൻ

Wednesday 20 May 2026 12:54 PM IST

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ ഉയർന്ന വിമർശനങ്ങൾക്ക് വിശദീകരണവുമായി പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വാർത്താസമ്മേളനങ്ങളിലെ തന്റെ ശരീരഭാഷയും പെരുമാറ്റവും ശരിയായിരുന്നില്ലെന്ന് പാർട്ടി സെക്രട്ടറി യോഗത്തിൽ സമ്മതിച്ചു. മാദ്ധ്യമങ്ങൾക്ക് മുന്നിലെ തന്റെ ശൈലിയെക്കുറിച്ച് സ്വന്തം വീട്ടിൽ നിന്നുപോലും കടുത്ത വിമർശനം ഉയർന്നിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി.

കണ്ണാടിയിൽ നോക്കാറുണ്ടോ എന്ന് മകൻ ചോദിച്ചിട്ടുണ്ട്. പത്രസമ്മേളനങ്ങൾ വീണ്ടും കണ്ടുനോക്കണം എന്നും മകൻ പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ ശരീരഭാഷയിൽ മാറ്റം കൊണ്ടുവരുമെന്നും ഇനിമുതൽ കൂടുതൽ പക്വതയോടെ പെരുമാറുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

അതേസമയം തന്റെ ഭാര്യ പി കെ ശ്യാമളയെ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കിയതിനെതിരെ ഉയർന്ന വിമർശനങ്ങളെ എം വി ഗോവിന്ദൻ ശക്തമായി പ്രതിരോധിച്ചു. 'പാർട്ടിയിൽ ആണധികാരം പ്രയോഗിക്കാതിരിക്കാനും സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കാനുമാണ് ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയത്. ഈ തീരുമാനത്തെ വിമർശിക്കുന്നവർ യഥാർത്ഥത്തിൽ ആണധികാരത്തിന്റെ വക്താക്കളാണ്'- ഗോവിന്ദൻ പ്രതികരിച്ചു.