'ശ്യാമം' മികച്ച ഹെര്‍മെന്യൂട്ടിക്‌സ് എക്‌സര്‍സൈസ്; ശബ്ദതാരാവലിപോലെ എക്കാലവും അവശ്യമുള്ള ഒന്ന്: ഡോ. അജു കെ. നാരായണന്‍

Wednesday 13 May 2026 12:09 AM IST

ഹരിപ്പാട്: കല സാവിത്രിയുടെ 'ശ്യാമം' മികച്ച ഹെര്‍മെന്യൂട്ടിക്‌സ് എക്‌സര്‍സൈസാണെന്ന് സാഹിത്യകാരനും അധ്യാപകനുമായ ഡോ. അജു കെ. നാരായണന്‍. ശബ്ദതാരാവലിപോലെ എക്കാലവും അവശ്യംവേണ്ട ഒന്നാണിതെന്നും അദ്ദേഹം പറഞ്ഞു. 'ശ്യാമ'ത്തിന്റെ പ്രകാശനകര്‍മം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കവി പ്രഭാവര്‍മയുടെ 'ശ്യാമമാധവ'ത്തിന്റെ ഗദ്യസംഗ്രഹവും വ്യാഖ്യാനവുമാണു 'ശ്യാമം'. പരിധി പബ്ലിക്കേഷന്‍സ് പുറത്തിറക്കിയ പുസ്തകത്തിന്റെ പുറംചട്ട രൂപകല്‍പ്പന ചെയ്തതു കലിഗ്രഫര്‍ നാരായണ ഭട്ടതിരിയാണ്.

ഹരിപ്പാട് ശ്രീ കേരളവര്‍മ സ്മാരക കാര്‍ത്തികപ്പള്ളി താലൂക്ക് സെന്‍ട്രല്‍ ലൈബ്രറി ഹാളില്‍ നടന്ന ചടങ്ങില്‍ സാഹിത്യകാരന്‍ ബിനു വിശ്വനാഥ് പുസ്തകം സ്വീകരിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി സി എന്‍ എന്‍ നമ്പി അദ്ധ്യക്ഷനായി. സാഹിത്യകാരന്‍ സുരേഷ് മണ്ണാറശ്ശാല, ഹരിപ്പാട് നഗരസഭ മുന്‍ ചെയര്‍മാന്‍ കെ കെ രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. കാര്‍ത്തികപ്പള്ളി താലൂക്ക് സെന്‍ട്രല്‍ ലൈബ്രറി പ്രസിഡന്റ് ഇളനെല്ലൂര്‍ തങ്കച്ചന്‍ സ്വാഗതവും കല സാവിത്രി മറുമൊഴിയും ലക്ഷ്മി ബി നന്ദിയും പറഞ്ഞു. സാഹിത്യ സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.