ആലപ്പുഴ: ദുരിതദിനങ്ങളെ രാമായണശീലുകൾ കൊണ്ട് മറികടക്കാൻ ക്ഷേത്രങ്ങളിലും വീടുകളിലും രാമായണമാസാചരണത്തിന് തുടക്കമായി. ക്ഷേത്രങ്ങളിൽ രാമായണ പാരായണം, ഗണപതിഹോമം, ഭഗവത് സേവ തുടങ്ങിയവയാണ് പ്രധാന പരിപാടികൾ. രാമായണ പാരായണം, പ്രശ്‌നോത്തരി തുടങ്ങി വിവിധ പരിപാടികളോടെ ഹൈന്ദവ സംഘടനകളും രാമായണമാസം ആചരിക്കുന്നുണ്ട്. കർക്കടകകാലത്ത് ക്ഷേത്രങ്ങളിൽ വൈകിട്ട് 7.30ന് ശേഷമാണ് പാരായണം തുടങ്ങുന്നത്.
പണ്ട് കർക്കടകത്തിൽ വീടുകളിൽ ശീവോതി വയ്ക്കൽ എന്ന ചടങ്ങ് ഉണ്ടായിരുന്നു. പൂമുഖത്ത് വിളക്ക് വയ്ക്കും. ശ്രീഭഗവതിയെ വീട്ടിലേക്ക് സ്വീകരിക്കാനുള്ള ചടങ്ങാണിത്. രാവിലെ കുളിച്ച് പലകയിലോ പീഠത്തിലോ ഭസ്മംതൊട്ട്, നാക്കില വച്ച് അതിൽ രാമായണം, കണ്ണാടി, കൺമഷി, കുങ്കുമം, തുളസി, വെറ്റില, അടക്ക എന്നിവ വയ്ക്കും. പിന്നീട് രാത്രിയിൽ രാമായണം വായിക്കും.
പത്തിലക്കാലം
കർക്കടകത്തിന് പത്തിലക്കാലമെന്നും പേരുണ്ട്. ശരീരത്തിലെ വ്യാധികളും വിഷമങ്ങളുമെല്ലാം മറികടക്കാൻ പഴമക്കാർ ആശ്രയിച്ചിരുന്നത് ഇലക്കറികളെയാണ്. താള്, തകര, ചീര, മത്തൻ, കുമ്പളം, ചേന, ഉഴുന്ന്, പയറ്, ആനത്തൂവ, നെയ്യുണ്ണി എന്നിവയാണ് പത്തിലകൾ.
കർക്കടകം ആരോഗ്യ ചികിത്സകൾക്ക് അനുയോജ്യമാണ്. കഴിക്കുന്ന മരുന്നും ചെയ്യുന്ന ചികിത്സയും ശരീരത്തിൽ നിലനിൽക്കുന്ന കാലമാണ്. ദഹനം വർദ്ധിപ്പിച്ച് ശരീരത്തെ കാലാവസ്ഥയുമായി പൊരുത്തപ്പെടാൻ ഔഷധക്കഞ്ഞി സഹായിക്കും. ദശപുഷ്പം, വാതക്കൊടിയില, കരിങ്കുറിഞ്ഞി, പനികൂർക്ക, ചങ്ങലംപരണ്ട തുടങ്ങിയവയാണ് കഞ്ഞിയിലെ പ്രധാന ചേരുവകൾ. ഉഴിച്ചിലും പിഴിച്ചിലും നടത്തി ശരീരത്തെ ആരോഗപ്രദമാക്കുന്നവരും കുറവല്ല. അതുകൊണ്ടുതന്നെ, കർക്കടകം ആയുർവേദചികിത്സയുടെ കാലം കൂടിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |