അമ്പലപ്പുഴ : വെള്ളമെത്തിക്കുന്ന ചാലുകൾ റോഡ് നിർമ്മാണത്തിനിടെ അടച്ചതിനെത്തുടർന്ന് പുറക്കാട് ഗ്രേസിംഗ് ബ്ലോക്ക് പാടശേഖരത്തിൽ കൃഷി പ്രതിസന്ധിയിലായി. കരുമാടിക്കുട്ടൻ സ്മൃതിമണ്ഡപം മുതൽ കരുവാറ്റ കന്നുകാലിപ്പാലം വരെ നടക്കുന്ന റോഡുനിർമ്മാണത്തിനിടെയാണ് പാടശേഖരത്തിന്റെ ചാലുകൾ അടച്ചത്.
ആകെ 290ഏക്കറുളള പാടശേഖരത്തിലെ 11ഏക്കറിലെ നെൽകൃഷിയാണ് പ്രതിസന്ധിയിലായിട്ടുള്ളത്. 300 മീറ്ററോളം നീളത്തിലാണ് ചാലുകൾ അടഞ്ഞത്. റോഡിന് പടിഞ്ഞാറ് ഭാഗത്തുള്ള ചാലുകൾ അടച്ചതോടെ മാസങ്ങൾക്കു മുമ്പ് ആരംഭിക്കേണ്ട രണ്ടാംകൃഷി ഇനിയും തുടങ്ങാൻ കഴിഞ്ഞിട്ടില്ല. റോഡു നിർമാണത്തിനായി ഇവിടെ കർഷകർ സൗജന്യമായി 2ഏക്കറോളം സ്ഥലം വിട്ടുനൽകിയിരുന്നു. എന്നിട്ടും തങ്ങൾക്ക് കൃഷി ചെയ്യാൻ അധികൃതർ സാഹചര്യമൊരുക്കിയില്ലെന്നാണ് പാടശേഖര സമിതി ഭാരവാഹികളുടെ പരാതി.
പാടശേഖരത്തിന്റെ നടുക്ക് സ്ഥിതിചെയ്യുന്ന വൈദ്യുതി പോസ്റ്റുകൾ റോഡ് നിർമാണത്തിന്റെ ഭാഗമായി മാറ്റി സ്ഥാപിക്കേണ്ടതുണ്ട്.
എന്തു ചെയ്യുമെന്നറിയാതെ കർഷകർ
പാടശേഖരത്തിൽ ഞാറ് നടീൽ നടക്കേണ്ട സമയമാണ് ഇപ്പോൾ
ചാലുകൾ അടഞ്ഞതോടെ വെള്ളം കയറ്റിയിറക്കാൻ കഴിയുന്നില്ല
കഴിഞ്ഞ വർഷം ഒരേക്കറിന് 30 ക്വിന്റൽ വരെ വിളവ് ലഭിച്ചിരുന്നു
തങ്ങളുടെ വരുമാനമാർഗം അടഞ്ഞതായി കർഷകരുടെ പരാതി
290 ഏക്കർ:
പാടശേഖരത്തിന്റെ വിസ്തീർണം
പാടശേഖരത്തിലേക്ക് വെള്ളം കയറ്റിയാലേ കൃഷി നടത്താനാവുകയുള്ളൂ. വെള്ളം കയറ്റുന്ന ചാൽ റോഡ് നിർമ്മാണത്തെ തുടർന്ന് അടഞ്ഞിരിക്കുകയാണ്. പാടശേഖരത്തിലേക്ക് വെള്ളം കയറ്റാനുള്ള സംവിധാനം എത്രയും പെട്ടെന്ന് ഒരുക്കണം
- ജോസഫ് , കർഷകൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |