ആലപ്പുഴ: നെഹ്രുട്രോഫി വള്ളം കളിക്ക് രണ്ടാഴ്ച മാത്രംശേഷിക്കെ, ഉദ്ഘാടന വേദിയിലും പവലിയനുകളിലും പന്തലുകളുടെ നിർമ്മാണം പുരോഗമിക്കുന്നു. സ്റ്റാർട്ടിംഗ് മുതൽ ഫിനിഷിംഗ് പോയിന്റ് വരെയുള്ള ഒന്നേകാൽ കിലോമീറ്ററോളം സ്ഥലത്ത് വേമ്പനാട്ട് കായലിന്റെ തീരത്ത് കാണികളുടെ ഇരിപ്പിടമൊരുക്കാനുള്ള പന്തലിന്റെ നിർമ്മാണം ഏതാണ്ട് പൂർത്തിയായിക്കഴിഞ്ഞു. വള്ളികളിയുടെ ഉദ്ഘാടനചടങ്ങും വി.വി.ഐ.പികൾക്കുള്ള ഇരിപ്പിടങ്ങളും സജ്ജമാക്കുന്ന നെഹ്രുപവലിയനിൽ മേൽക്കൂരകൾ ഷീറ്റ് പാകുന്ന ജോലികൾ പകുതിയോളം പൂർത്തിയായി. ഉദ്ഘാടനം ഉൾപ്പടെ പ്രധാന പരിപാടികൾ നടക്കുന്ന നെഹ്രുപവലിയിനിൽ മേൽക്കൂരയിലെ ഷീറ്റിടീൽ എത്രയും വേഗം പൂർത്തിയാക്കി വി.വി.ഐ.പി സുരക്ഷാക്രമീകരണങ്ങൾ സജ്ജമാക്കാനാണ് നീക്കം. രാഷ്ട്രപതിയെയാണ് മുഖ്യാതിഥിയായി പ്രതീക്ഷിക്കുന്നത്.
രാഷ്ട്രപതിയെങ്കിൽ വേദി 5ന് കൈമാറണം
1. രാഷ്ട്രപതിയാണ് എത്തുന്നതെങ്കിൽ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി പ്രധാന വേദി നിർമ്മാണം പൂർത്തിയാക്കി ആഗസ്റ്റ് 5ന് കൈമാറണം. ഈ സാഹചര്യത്തിൽ പെയിന്റിംഗും ഷീറ്റുമാറ്റലും മറ്റ് നിർമ്മാണ പ്രവർത്തനങ്ങളും നിശ്ചിത സമയത്ത് തന്നെ പൂർത്തിയാക്കാനാണ് ശ്രമം. ജില്ലാ കളക്ടറുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ഇറിഗേഷൻ എൻജിനിയർമാരുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങൾനടത്തുന്നത്
2. പ്ളാറ്റ് ഫോമും റൂഫിംഗും പൂർത്തിയായ കായലിന്റെ പടിഞ്ഞാറെക്കരയിൽ, കായലരിക് ബാരിക്കേഡുകൾ സ്ഥാപിച്ച് സുരക്ഷിതമാക്കുന്നതും മാറ്റ് വിരിക്കുന്നതും വശങ്ങളും മുകൾ ഭാഗവും വെള്ളതുണി വിരിച്ച് അലങ്കരിക്കുന്നതുമായ ജോലികളാണ് ഇനി അവശേഷിക്കുന്നത്. ഏതാണ്ട് 4200 പേർക്കുള്ള ഇരിപ്പിടസൗകര്യങ്ങളാണ് സജ്ജമാക്കുന്നത്
3. ട്രയലുൾപ്പെടെ കരയിലും വെള്ളത്തിലും വള്ളികളിയുടെ ആവേശവും ആകാശത്തോളമുയരുമ്പോൾ മത്സരം നടക്കേണ്ട വേമ്പനാട്ട് കായൽ നെട്ടായത്തിൽ ട്രാക്ക് തിരിക്കലുൾപ്പെടെ പിടിപ്പത് പണികൾ ശേഷിക്കുന്നുണ്ട്
തടസമായി മഴ
#ഇടയ്ക്കിടെയുള്ള മഴ തയ്യാറെടുപ്പുകൾക്ക് തടസം സൃഷ്ടിക്കുന്നുണ്ട്
# നാൽപ്പത് ശതമാനം ജോലികൾ പൂർത്തിയായിട്ടുണ്ട്
# ട്രാക്കുകൾ തിരിക്കൽ, ഫെൻസിംഗ് എന്നിവ പൂർത്തിയാക്കണം
# ആഗസ്റ്റ് എട്ടോടെ ജോലികൾ പൂർത്തിയാകുമെന്ന് പ്രതീക്ഷ
ഇരിപ്പിടം:
4200 പേർക്ക്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |