ആലപ്പുഴ: കലവൂരിന് സമീപം പ്രീതികുളങ്ങരയിൽ വാഹനാപകടത്തിൽ മരിച്ച ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും ഡി.വൈ.എഫ്.ഐ മാരാരിക്കുളം ബ്ലോക്ക് സെക്രട്ടറി എം.രജീഷിന്റെയും ഡി.വൈ.എഫ്.ഐ പ്രവർത്തകനായിരുന്ന സുഹൃത്ത് അനന്തുവിന്റെയും മൃതദേഹങ്ങൾ വൻജനാവലിയുടെ സാന്നിധ്യത്തിൽ വീട്ടുവളപ്പിൽ സംസ്കരിച്ചു.
മാരാരിക്കുളം തെക്ക് പഞ്ചായത്ത് നാലാം വാർഡ് എൽ.ജി നിവാസിൽ എം.രജീഷിനും (32), നാലാം വാർഡ് കരോട്ടുവെളി വീട്ടിൽ അനന്തുവിനും (28) വിടചൊല്ലാൻ ആയിരങ്ങളാണ് ഇന്നലെ ഒഴുകിയെത്തിയത്. ഞായറാഴ്ച്ച രാത്രി ഒൻപത് മണിയോടെ കലവൂർ മാരൻകുളങ്ങര - പ്രീതികുളങ്ങര റോഡിലായിരുന്നു അപകടം. ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെ ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്ന് പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ആദ്യം വളവനാട് ലോക്കൽ കമ്മിറ്റി ഓഫീസായ ബെന്നി സ്മാരകത്തിൽ എത്തിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ ഇരുവരെയും രക്ത പതാകകൾ പുതപ്പിച്ചു. തുടർന്ന് അനന്തുവിന്റെ മൃതദേഹം സംസ്ക്കാര ചടങ്ങുകൾക്കായി വീട്ടിലേക്കും, രജീഷിന്റെ ശരീരം പൊതുദർശനത്തിനായി ആര്യാട് ബ്ലോക്ക് പഞ്ചായത്തിലുമെത്തിച്ചു. വൈകിട്ട് നാല് മണിയോടെ രജീഷിന്റെ ഭൗതിക ശരീരം വിലാപയാത്രയായി വീട്ടിലെത്തിച്ചപ്പോൾ സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ള ജനങ്ങളാണ് വീട്ടുമുറ്റത്ത് ഒരുനോക്കു കാണാൻ കാത്തുനിന്നിരുന്നത്. മകന്റെ വിയോഗമറിഞ്ഞ് തളർന്ന അമ്മ ഓമനയും, കാൻസർ രോഗത്തെ ചെറുത്ത് ജീവിതത്തിലേക്ക് തിരിച്ചുവന്നുകൊണ്ടിരിക്കുന്ന അച്ഛൻ മണിയപ്പനും നൊമ്പരക്കാഴ്ച്ചയായിരുന്നു. മന്ത്രിമാരായ സജി ചെറിയാൻ, പി.പ്രസാദ്, മുൻ മന്ത്രിമാരായ ജി.സുധാകരൻ, തോമസ് ഐസക്ക്, എം.എൽ.എമാരായ പി.പി.ചിത്തരഞ്ജൻ, എച്ച്.സലാം, എം എസ് അരുൺകുമാർ, മുൻ എം.പി എ.എം.ആരിഫ്, ഡി.വൈ.എഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ.സനോജ്, സി.ബി.ചന്ദ്രബാബു, സി.എസ്.സുജാത, ജെയ്ക്.സി.തോമസ്, കോൺഗ്രസ് നേതാക്കളായ എ.എ.ഷുക്കൂർ, എസ്.ശരത് തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു.
ഞായറാഴ്ച്ച രാത്രി അപകടത്തിന്റെ ശബ്ദം കേട്ട് ഓടിയെത്തിയ പ്രദേശവാസികൾ കണ്ടത് രക്തത്തിൽ കുളിച്ചു കിടക്കുന്ന യുവാക്കളെയായിരുന്നു. സുഹൃത്തുക്കളായ അഞ്ചുപേർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് തെങ്ങിലിടിച്ച് സമീപത്തെ വീട്ടിലേക്ക് മറിഞ്ഞായിരുന്നു അപകടം. മുൻവശത്ത് ഇടത് സീറ്റിലിരുന്ന രജീഷിന്റെ ശരീരത്തിലേക്ക് കാറിന്റെ മുൻഭാഗം ഞെരുങ്ങിയ നിലയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പിൻസീറ്റിൽ മധ്യഭാഗത്തിരുന്ന അനന്തുവിന് ഇടിയുടെ ആഘാതത്തിൽ തെറിച്ച് വീണാകാം ഗുരുതര പരിക്കേറ്റതെന്നാണ് കരുതുന്നത്. പരിക്കേറ്റ അഖിൽ, സുജിത്, അശ്വിൻ എന്നിവർ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |