
മാന്നാർ: മൂന്ന് പതിറ്റാണ്ടോളമായി മനസിൽ കൊണ്ടു നടന്ന ആഗ്രഹ പൂർത്തീകരണത്തിൽ സ്വന്തം വരികൾ ഭക്തിഗാന ആൽബമായി പുറത്തിറങ്ങിയപ്പോൾ പ്രദീപ് ശങ്കറിനിത് ജന്മസാഫല്യം. മാന്നാർ കുരട്ടിക്കാട് തെള്ളികിഴക്കേതിൽ ടി.എ.ശങ്കരൻ ആചാരിയുടെയും മീനാക്ഷിയമ്മാളിന്റെയും മകനായ പ്രദീപ്ശങ്കർ (50) എന്ന സംഗീതപ്രേമിയുടെ ജീവിതാഭിലാഷമായിരുന്നു സ്വന്തമായി എഴുതിയ കീർത്തനങ്ങൾ അൽബമായി പുറത്തിറക്കണമെന്ന്. ഇരുപതാം വയസിൽ എഴുതിത്തുടങ്ങിയെങ്കിലും ജീവിത സാഹചര്യങ്ങൾ ഈ കലാസ്നേഹിയുടെ മോഹഭംഗത്തിന് കാരണമായി. വിശ്വകർമ്മ സമുദായാംഗമായ പ്രദീപ് പാരമ്പര്യ തൊഴിൽ മേഖലകളിലൂടെ സഞ്ചരിച്ച് ജീവിതം കെട്ടിപ്പടുക്കുന്ന തത്രപ്പാടിലും തന്നിലെ ഗാനരചനാ വൈഭവം മങ്ങാതെ കാത്തു സൂക്ഷിക്കുകയായിരുന്നു. സ്വർണ്ണാഭരണ, ഓട്ടുപാത്ര നിർമ്മാണ രംഗത്തെ തന്റെ കഴിവ് പരിപോഷിപ്പിക്കുന്നതിലുപരി സംഗീതസാന്ദ്രമായ വഴികളിലൂടെയായിരുന്നു പ്രദീപിന്റെ സഞ്ചാരം. ഗാനരചനയും ആലാപനവും ഒപ്പം കൊണ്ടുനടന്നു. ഗണപതി ഭഗവാന്റെ കീർത്തനങ്ങളിൽ തുടങ്ങി തൃക്കുരട്ടി മഹാദേവർ, കുരട്ടിക്കാട് പാട്ടമ്പലത്തിലമ്മ, ചക്കുളത്തമ്മ, ശ്രീഅയ്യപ്പൻ തുടങ്ങി നിരവധി ഭക്തിഗാന രചനകൾ നടത്തിയെങ്കിലും ഒന്നും ആൽബങ്ങളായില്ല. കാവാലം ശ്രീകുമാർ, മധു ബാലകൃഷ്ണൻ എന്നിവർ മാന്നാറിൽ ഗാനമേളകൾ അവതരിപ്പിക്കാൻ എത്തിയപ്പോൾ പ്രദീപ് എഴുതിയ കീർത്തനങ്ങൾ ആലപിച്ചത് ഏറെ സന്തോഷം പകർന്നു. ചക്കുളത്ത് കാവിലെത്തിയ ഗാനഗന്ധർവൻ യേശുദാസിനെ നേരിൽ കാണാനും തന്റെ വരികൾ സമർപ്പിക്കാനും കഴിഞ്ഞത് പ്രദീപിന് മധുരമുള്ള ഓർമ്മകളാണ്.
ഗന്ധർവശബ്ദം ഇനി ബാക്കി
പ്രദീപിന്റെ കഴിവുകൾ തിരിച്ചറിഞ്ഞ പേങ്ങാട്ടുമഠം കലാഗൃഹം ഡയറക്ടർ സന്തോഷ് പേങ്ങാട്ടുമഠം പ്രദീപിന്റെ ആഗ്രഹ പൂർത്തീകരണത്തിന് സഹായമേകി. പേങ്ങാട്ട്മഠം ക്രിയേഷൻസിന്റെ ബാനറിൽ നിർമ്മാണവും സാക്ഷാത്കാരവും നടത്തി പ്രദീപ് ശങ്കർ ഗാനരചന നിർവഹിച്ച അയ്യപ്പ ഭക്തിഗാന ആൽബം 'സത്യവേദാന്തപൊരുൾ എന്നയ്യൻ' പുതുവൽസര ദിനത്തിൽ മന്ത്രി സജിചെറിയാൻ പ്രകാശനം നിർവഹിച്ചു. ബൈജുത്യാഗരാജ് ചെന്നിത്തല ആലപിച്ച് മാവേലിക്കര വേദവ്യാസൻ സംഗീതം നിർവഹിച്ച സത്യവേദന്തപൊരുൾ എന്നയ്യൻ പേങ്ങാട്ടുമഠo ക്രിയേഷൻസ് യൂട്യൂബ് ചാനലിലൂടെ റിലീംസിംഗും നടത്തി. യേശുദാസിന്റെ ശബ്ദത്തിലൂടെ തന്റെ കീർത്തനങ്ങൾ കേൾക്കണമെന്ന ആഗ്രഹം കൂടി ബാക്കിയാണെന്നാണ് ഈ വിനീത കലാകാരൻ പറയുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |