SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.36 PM IST

ക്ലാസ് കഴിയും മുമ്പേ ജില്ലയിൽ പുസ്തകങ്ങൾ എത്തിത്തുടങ്ങി

Increase Font Size Decrease Font Size Print Page
fss

ആലപ്പുഴ: സർക്കാർ, എയ്ഡഡ് സ്കൂളുകളിലേക്കുള്ള അടുത്ത അദ്ധ്യയന വർഷത്തെ പുസ്തകങ്ങൾ ജില്ലാ ഹബ്ബിലെത്തിത്തുടങ്ങി. നാല് ലോഡുകളിലായി രണ്ടര ലക്ഷത്തിലധികം പുസ്തകങ്ങൾ ആലപ്പുഴ ഗേൾസ് സ്കൂളിലെ ഹബ്ബിൽ നിലവിൽ എത്തിക്കഴിഞ്ഞു. ഒന്ന് മുതൽ പത്ത് വരെ ക്ലാസുകളിലായി ആദ്യ വാല്യം പതിനേഴ് ലക്ഷത്തോളം പുസ്തകം ജില്ലയിൽ വിതരണത്തിന് വേണ്ടി വരും. അഞ്ച് ലക്ഷം പുസ്തകങ്ങളിലെത്തിയ ശേഷം തരംതിരിക്കൽ ആരംഭിക്കും. ഓരോ സൊസൈറ്റിക്കും കൈമാറേണ്ട പുസ്തകങ്ങളുടെയും ഓരോ സ്കൂളിനും ആവശ്യമായ പുസ്തകങ്ങളുടെയും കണക്ക് ടെക്സ്റ്റ് ബുക്ക് മോണിറ്ററിംഗ് സിസ്റ്റം വഴി ശേഖരിക്കും. പതിവുപോലെ കുടുംബശ്രീ പ്രവർത്തകരെ തന്നെയാവും തരംതിരിക്കലിനും വിതരണത്തിനും ചുമതലപ്പെടുത്തുക. പുതിയ അദ്ധ്യയന വർഷം ഒന്ന് മുതൽ പത്ത് വരെ ക്ലാസുകളിൽ രണ്ട് വാല്യങ്ങളിലായി 27 ലക്ഷത്തോളം പുസ്തകങ്ങളാണ് ആവശ്യമായി വരുമെന്നാണ് കണക്കുകൂട്ടൽ. അച്ചടി പൂർത്തിയാകുന്നതനുസരിച്ചാണ് ഘട്ടം ഘട്ടമായി ലോഡുകളെത്തുന്നത്. പത്ത് ലക്ഷത്തോളം പുസ്തകങ്ങളിലേക്ക് എത്തുന്ന ഘട്ടത്തിൽ സൊസൈറ്റികളിലേക്കുള്ള വിതരണം ആരംഭിക്കും. 261 സൊസൈറ്റികളാണ് ജില്ലയിലുള്ളത്. ഒരു സൂപ്പർ വൈസറും പതിനൊന്ന് കുടുംബശ്രീ പ്രവർത്തകരും അടങ്ങുന്ന ടീമാണ് ജില്ലാ ഹബ്ബിൽ പുസ്തക വിതരണ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നത്. തരംതിരിക്കൽ ആരംഭിക്കുന്നതോടെ രാവിലെ 9.30 മുതൽ 5 മണിവരെയാണ് കുടുംബശ്രീ വനിതകളുടെ പ്രവർത്തന സമയം. ദൂരസ്ഥലങ്ങളിൽ സ്റ്റോക്കെത്തിക്കാൻ പോകുമ്പോൾ ഡ്യൂട്ടി രാത്രിവരെ നീളും. ഈ ദിവസങ്ങളിൽ അധികക്കൂലി പൊതുവിദ്യാഭ്യസ വകുപ്പ് ലഭ്യമാക്കും. പുസ്തകങ്ങൾ തരം തിരിക്കുക, പായ്ക്ക് ചെയ്യുക, വിതരണം നടത്തുക എന്നിവയാണ് വനിതകൾ ചെയ്യുന്നത്. കയറ്റിറക്ക് ജോലികൾ ചെയ്യുന്നത് യൂണിയൻ തൊഴിലാളികളാകും.

ജില്ലയിൽ

പാഠപുസ്തകങ്ങൾ: 27 ലക്ഷം

ഹബ്ബിലെത്തിയത് : 2,77,024

സൊസൈറ്റികൾ: 261 എണ്ണം

റോബോട്ടിക് കിറ്റുകളും വരും

1.പത്താം ക്ലാസ് പാഠ്യപദ്ധതിയിൽ റോബോട്ടിക്സ് പഠനം ഉൾപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ കൈറ്റ്സ് (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജ്യുക്കേഷൻ) വഴി ഹൈസ്കൂളുകളിൽ അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾ വിതരണം ചെയ്യും

2.ഇതിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് ആലപ്പുഴ സെന്റ് ജോസഫ് ഗേൾസ് ഹയ‍ർ സെക്കന്ററി സ്കൂളിൽ സംഘടിപ്പിക്കുന്ന കൈറ്റ്സ് ക്യാമ്പിൽ നടക്കും. ജില്ലയിൽ ആദ്യ ഘട്ടത്തിൽ ഒരു ഹൈസ്കൂളിന് ഒരു കിറ്റ് എന്ന തരത്തിലാകും വിതരണം

3.കൈറ്റ്സ് യൂണിറ്റുകൾ പ്രവർത്തിക്കുന്ന വിദ്യാലയങ്ങളിൽ മുൻ വർഷങ്ങളിൽ റോബോട്ടിക് കിറ്റുകൾ നൽകിയിരുന്നു. കൂടുതൽ മെച്ചപ്പെടുത്തിയ അഡ്വാൻസ്ഡ് കിറ്റാണ് ഇത്തവണ നൽകുന്നത്. ഇന്റർനെറ്റ് ഒഫ് തിങ്ക്സ് (ഐ.ഒ.ടി) ആണ് ഉപകരണ നിർമ്മാണത്തിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുക

4. കിറ്റുകൾ ഉപയോഗിക്കുന്നതോടെ പാഠപുസ്തകങ്ങൾക്കപ്പുറം പ്രായോഗിക പരിശീലനം ലഭിക്കുന്നു എന്നതാണ് മെച്ചം. പ്രോഗ്രാമിംഗ് ഭാഷകളിൽ പ്രാവീണ്യം നേടാനും സഹായിക്കുന്ന തരത്തിലാണ് കിറ്റ് തയ്യാറാക്കിയിട്ടുള്ളത്

സ്‌കൂൾ തുറക്കുംമുമ്പ് എല്ലാ വിദ്യാലയങ്ങളിലും പുസ്തകങ്ങൾ ലഭ്യമാകുന്ന തരത്തിലാണ് പ്രവർത്തനം. അച്ചടി പൂർത്തിയാകുന്നതനുസരിച്ച് ലോഡ് എത്തുന്നുണ്ട്

- ആതിര, സൂപ്പർവൈസർ, കേരള ബുക്‌സ് ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റി

TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY