SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.35 PM IST

വരൾച്ച പ്രഖ്യാപനം വൈകുന്നു, കുടിവെള്ള വിതരണത്തിന് തിരിച്ചടി

Increase Font Size Decrease Font Size Print Page
water

ആലപ്പുഴ: കുംഭത്തിന് മുമ്പേ നാടാകെ വരണ്ടുണങ്ങിയിട്ടും ദുരന്തനിവാരണ അതോറിട്ടി വരൾച്ച ബാധിത പ്രഖ്യാപനം നടത്താത്തത് കുടിവെള്ള വിതരണത്തിന് തടസമാകുന്നു. റവന്യൂവകുപ്പ് താലൂക്ക് ഓഫീസുകളിൽ നിന്ന് ജലവിതരണത്തിനുള്ള ടാങ്കറുകളുടെയും ബോട്ടുകളുടെയും ടെണ്ടർ നടപടികൾ പൂ‌ർത്തിയാക്കി ദിവസങ്ങൾ കഴിഞ്ഞിട്ടും വരൾച്ച ബാധയുമായി ബന്ധപ്പെട്ട സർക്കാർ പ്രഖ്യാപനം വൈകുന്നതാണ് തദ്ദേശ സ്ഥാപനങ്ങളുടെ കുടിവെള്ള വിതരണം മുടക്കുന്നത്. ജലവിതരണം ഉടൻ ആരംഭിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റുമാരും ജന പ്രതിനിധികളും ജില്ലാ കളക്ടറെ നേരിൽ കണ്ടു. ദുരന്തനിവാരണ ചട്ടപ്രകാരം വരൾച്ച പ്രഖ്യാപനമുണ്ടായാൽ മാത്രമേ,​ സർക്കാർ ചെലവിൽ ജനങ്ങൾക്ക് സൗജന്യമായി കുടിവെള്ളം വിതരണം ചെയ്യാൻ കഴിയൂ. വെള്ളത്തിന്റെ വിലയും ലോറി വാടകയുമായി ഓരോ തദ്ദേശ സ്ഥാപനങ്ങൾക്കും മേയ് അവസാനം വരെ ചുരുങ്ങിയത് 15 മുതൽ 20 ലക്ഷം രൂപവരെ ചെലവഴിക്കേണ്ടിവരും. പ്ളാൻ ഫണ്ടിൽ നിന്നോ,​ തനത് ഫണ്ടിൽ നിന്നോ വേണം പണം കണ്ടെത്താൻ. പ്ളാൻ ഫണ്ടിന്റെ മൂന്നാം ഗഡു ലഭിക്കാത്തതിനാൽ തനത് ഫണ്ട് തന്നെ ആശ്രയം. കിണറുകളും ജലാശയങ്ങളും വറ്റി വരണ്ടതാണ് കുടിക്കാനും കുളിക്കാനും വെള്ളമില്ലാത്ത സ്ഥിതിയിലേക്ക് നാടിനെ എത്തിച്ചത്.

വരണ്ടുണങ്ങി നാട്

1.മഴക്കാലത്ത് പോലും കുടിവെളളത്തിന് കഷ്ടപ്പെടുന്ന കുട്ടനാടും വരൾച്ച രൂക്ഷമായ ജില്ലയിലെ തെക്ക് കിഴക്കൻ മേഖലകളിലും തീരദേശത്തും കഴിഞ്ഞമാസം അവസാനം മുതലേ കുടിവെള്ളം കിട്ടാത്ത സ്ഥിതിയുണ്ട്.

2.തദ്ദേശ സ്ഥാപനങ്ങളുടെ അദ്ധ്യക്ഷന്മാർ,​ വാട്ടർ അതോറിട്ടിയെയും തഹസീൽദാർമാരെയും എം.എൽ.എ മാരെയും സ്ഥിതി ബോദ്ധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ടെണ്ടർ ക്ഷണിച്ചത്

3.ടെണ്ടർ നടപടികൾ പൂർത്തിയാക്കി അംഗീകാരത്തിനായി ജില്ലാ കളക്ടർക്ക് കൈമാറിയിട്ടുണ്ട്. കളക്ടറുടെ അംഗീകാരത്തിനൊപ്പം സർക്കാരിന്റെ വരൾച്ചാ ബാധിത പ്രഖ്യാപനം കൂടി ഉണ്ടായാൽ മാത്രമേ കുടിവെള്ള വിതരണം സാദ്ധ്യമാകൂ

4.രൂക്ഷമായ വരൾച്ച കാരണം കൃഷി കരിഞ്ഞുണങ്ങിയ മാവേലിക്കര, നൂറനാട്, പാലമേൽ,ചാരുംമൂട്, താമരക്കുളം, വള്ളികുന്നം മേഖലകളിൽ കനാൽ തുറന്നുവിട്ടത് കൃഷിക്ക് രക്ഷയായെങ്കിലും ഉയർന്ന സ്ഥലങ്ങളിലും പൈപ്പുകളില്ലാത്ത മേഖലകളിലും കുടിവെള്ളക്ഷാമം രൂക്ഷമാണ്

................................................................

വള്ളികുന്നം ഉൾപ്പെടെ ജില്ലയുടെ അതിർത്തി മേഖലകളിൽ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. ടാങ്കറുകളിൽ കുടിവെള്ള വിതരണത്തിന് അനുമതി തേടി ജില്ലാകളക്ടറെ നേരിൽ കണ്ടിട്ടുണ്ട്. പ്രശ്നത്തിന് സത്വര പരിഹാരം കാണാമെന്ന് കളക്ടർ ഉറപ്പുനൽകിയിട്ടുണ്ട്. - അനിത,പഞ്ചായത്ത് പ്രസിഡന്റ്,വള്ളികുന്നം .

..................................................................

സർക്കാർ പ്രഖ്യാപനമുണ്ടായാലുടൻ വെള്ളം വിതരണം ചെയ്യാൻ ടെണ്ടർ നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്- ദുരന്ത നിവാരണ വിഭാഗം, കളക്ട്രേറ്റ്, ആലപ്പുഴ

TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY