SignIn
Kerala Kaumudi Online
Saturday, 25 April 2026 4.48 PM IST

കാട്ടിലെ മോഹനന് നാട്ടിൽ വീടായി!

Increase Font Size Decrease Font Size Print Page
moh

വള്ളികുന്നം: കശുമാവിന്റെ മുകളിലൊരു ഏറുമാടം. പച്ചക്കപ്പയും തോട്ടിലെ പച്ചമീൻ ചുട്ടതും കാട്ടിലെ കായ്കനികളും മാത്രം കഴിച്ച് പുറം ലോകവുമായി ബന്ധമില്ലാത്ത കാൽ നൂറ്റാണ്ട്. പറഞ്ഞുവരുന്നതൊരുകഥയല്ല. വള്ളികുന്നത്തെ നാട്ടിൻപുറത്ത് രണ്ടേക്കറിലധികം വിസ്തൃതിയുള്ള കാട്ടിൽ നാടറിയാതെ നാളുകൾ തള്ളിയ ഇലിപ്പക്കുളം കരോട്ട് തെക്കേത്തറയിൽ മോഹനന്റെ (67) ജീവിതമാണ്. സംസ്ഥാന സർക്കാരിന്റെ അതിദാരിദ്യമുക്ത കേരളം പദ്ധതിയുടെ ഭാഗമായി വള്ളികുന്നത്തെ ഭൂരഹിതരെപ്പറ്റിയുള്ള അന്വേഷണമാണ് മോഹനന്റെ ഏകാന്തവാസം പുറത്തറിയിച്ചത്.

സ്കൂൾ വിദ്യാർത്ഥിയായിരുന്ന മോഹനനെ പതിമൂന്നാം വയസിൽ നാട്ടിലുണ്ടായ എന്തോ സംഭവത്തിന്റെ പേരിൽപൊലീസ് അന്വേഷിക്കുകയും കുറ്റവാളിയായി മുദ്രകുത്തപ്പെടുകയും ചെയ്തതാണ് അഞ്ചുപതിറ്റാണ്ട് നീണ്ട ഏകാന്ത ജീവിതത്തിന്റെ ഫ്ളാഷ് ബാക്ക്. പൊലീസ് കഥയിലെ വില്ലനായി നാട്ടിലെ കുത്തുവാക്കുകളും തുറിച്ചുനോട്ടങ്ങളും താങ്ങാനാകാതെ എട്ടുംപൊട്ടും തിരിയാത്ത പ്രായത്തിൽ നാടുവിട്ട മോഹനന് ജീവിതത്തിനൊപ്പം മനസിന്റെ സമനിലയും നഷ്ടമാകുകയായിരുന്നു. വിശപ്പും ദാഹവും സഹിച്ചും ആട്ടും തുപ്പുമേറ്റും നാടുനീളെ അലഞ്ഞുതിരിഞ്ഞുള്ള ജീവിതത്തിൽ അച്ഛനമ്മമാരും സഹോദരങ്ങളും ജനിച്ച നാടുമെല്ലാം വിസ്മൃതിയിലായി.വർഷങ്ങളുടെ ചുറ്റിത്തിരിയലിനൊടുവിൽ നാട്ടിലെത്തിയതറിഞ്ഞ പൊലീസ് പഴയ കേസിന്റെ വാറണ്ടിൽ മോഹനനെ അകത്താക്കി. ഇതും നാട്ടുകാരുടെ ഒറ്റാണെന്ന സംശയമാണ് ആരുമായും സമ്പർക്കമില്ലാത്ത ഏകാന്ത ജീവിതത്തിലേക്ക് മോഹനനെ എത്തിച്ചത്. ജയിലിൽ നിന്ന് കാൽനൂറ്റാണ്ടുമുമ്പ് സ്വാഭാവിക ജാമ്യത്തിൽ പുറത്തിറങ്ങിയ മോഹനൻ കുടുംബാംഗങ്ങളോ നാട്ടുകാരോ അറിയാതെയാണ് കാട്ടിനുള്ളിൽ കൂടുകൂട്ടിയത്.

മോഹനൻ ആരുടെയും കണ്ണിൽപ്പെടാതിരിക്കാൻ രാത്രിയിലാണ് പുറത്തിറങ്ങിയിരുന്നത്. കാലത്തിനൊപ്പം മോഹനന്റെ രൂപഭാവങ്ങളിലും മാറ്റമുണ്ടാക്കി. താടിയും മുടിയുംവളർന്ന് തിരിച്ചറിയാനാകാതായ പ്രാകൃതരൂപിയെ നാട്ടുകാരിൽ പലരും ഇതിനിടെ കാണാനിടയായെങ്കിലും ആക്കും മനസിലാക്കാനായില്ല.

വഴി തുറന്നത് ഏറുമാടം

പിന്നീട് കുടുംബവക വസ്തുവിലെ പറങ്കിമാവിൽ ഏറുമാടം കെട്ടിയപ്പോഴാണ് മോഹനനാകാമെന്ന സംശയത്തിനിടയാക്കിയത്. കൊവിഡ് കാലത്തും പ്രളയത്തിലുമെല്ലാം അഭയമായിരുന്ന പറങ്കിമാവിലെ ഏറുമാടം കഴിഞ്ഞ മഴക്കാലത്ത് തകർന്നതാണ് മോഹനന് പുതുജീവിതത്തിലേക്കുള്ള വഴി തുറന്നത്. പറങ്കിമാവിൻ ചോട്ടിലെ കുടിലിൽ കഴിയുമ്പോഴാണ് പഞ്ചായത്ത് പ്രസിഡന്റായിരുന്ന ഡി. രോഹിണി, പഞ്ചായത്തംഗം ഉഷാ പുഷ്കരൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായിരുന്ന ജെ. രവീന്ദ്രനാഥ്, പൊതുപ്രവർത്തകരായ സെലിൻ ഗോപി തുടങ്ങിയവർ സ്ഥലത്തെത്തിയത്. ആധാറുൾപ്പെടെ തിരിച്ചറിയൽ രേഖകളും റേഷൻകാർഡും ശരിയാക്കി മാസംതോറും ഭക്ഷണക്കിറ്റും അനുവദിച്ചു. സഹോദരനായ ഓമനക്കുട്ടൻപിള്ള പുരയിടത്തിന്റെ ഒരു ഭാഗത്ത് വീടു നിർമ്മിക്കാൻ സമ്മതിച്ചതോടെ കടുവുങ്കൽ ദ്വാരകയിൽ വിനോദ് മുക്കാൽലക്ഷം രൂപ ചെലവഴിച്ച് ഒരു മുറിയും അടുക്കളയും ടോയ്ലറ്റുമുള്ള വീടും നിർമിച്ചുനൽകി. വഴിയില്ലാത്തതിനാൽ വെള്ളവും വെളിച്ചവുമില്ലാത്ത ഇവിടെ സോളാർ വിളക്കും കുഴൽകിണറും സ്ഥാപിക്കാനുസുമനസുകളാരെങ്കിലും മനസുവയ്ക്കണം.

TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.