
ആലപ്പുഴ: വേനൽ കനക്കുന്നതോടെ ജലലഭ്യതയും വാഹനങ്ങളുമില്ലാതെ ബുദ്ധിമുട്ടിലാണ് ജില്ലയിലെ ഫയർഫോഴ്സ്. നിലയങ്ങളിൽ വെള്ളത്തിന് സൗകര്യമുണ്ടെങ്കിലും ചെല്ലുന്ന സ്ഥലങ്ങളിൽ വെള്ളം ലഭ്യമല്ലാത്തതാണ് പ്രതിസന്ധി.
തീപിടിത്തമുണ്ടാകുന്നിടങ്ങളിൽ വെള്ളം ലഭിക്കാത്തതിനാൽ തിരികെ നിലയത്തിലെത്തി വെള്ളം നിറച്ചു പോകേണ്ടി വരുന്നുണ്ട്. അല്ലെങ്കിൽ, അടുത്തുള്ള ആശുപത്രി, ഹോട്ടലുകൾ മാളുകൾ എന്നിവിടങ്ങളിൽ നിന്ന് വെള്ളം ശേഖരിക്കണം. ജില്ലയിലെ പല ഫയർ സ്റ്റേഷനുകളിലും ആവശ്യത്തിന് വാഹനങ്ങളും ഉദ്യോഗസ്ഥരുമില്ലാത്തതും പ്രതിസന്ധിയാണ്.
ഉത്സവ സീസൺ എത്തിയതോടെ പ്രധാന ഉത്സവങ്ങൾക്ക് ഒരു ഫയർ ഫോഴ്സ് വാഹനം ക്ഷേത്ര കോമ്പൗണ്ടിൽ ഡ്യൂട്ടിക്കായി നൽകി കഴിഞ്ഞാൽ അത്യാവശ്യസന്ദർഭങ്ങളിൽ വാഹനങ്ങളുടെ ദൗർലഭ്യം നേരിടുന്നുണ്ട്.
തീപിടിത്തമുണ്ടായാൽ ചെല്ലുന്ന സ്ഥലങ്ങളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതിന് പോർട്ടബിൾ പമ്പുകൾ ആവശ്യമാണ്. എന്നാൽ ചേർത്തല നിലയത്തിലെ ആകെയുള്ള രണ്ട് പമ്പുകളും കാലപ്പഴക്കംമൂലം പ്രവർത്തിക്കില്ല. ഒരു പമ്പ് നാളുകൾക്ക് മുമ്പേ കേടായതാണ്. ഒരെണ്ണം അടുത്തിടയും പ്രവർത്തനരഹിതമായി.അടിയന്തര സാഹചര്യമുണ്ടായാൽ വെള്ളം ശേഖരിക്കാൻ പറ്റാത്ത അവസ്ഥയാണ്. വലിയ സംഭവങ്ങളുണ്ടായാൽ അടുത്തുള്ള സ്റ്റേഷനുകളിൽ നിന്ന് പമ്പ് എടുക്കണം.
അരൂർ സ്റ്റേഷനിൽ ഒരു മൊബൈൽ ടാങ്കർ യൂണീറ്റും മറ്റൊരു ചെറിയ വാഹനവുമാണുള്ളത്. ഫാക്ടറികൾ ഏറെയുള്ള സ്ഥലമായതിനാൽ ഒരു ഫോം ടെൻഡർ വാഹനം ഇവിടെ ആവശ്യമാണ്.
ഹൈഡ്രന്റുമില്ല, വെള്ളവുമില്ല
1. ജില്ലയിലെ പ്രധാന ജംഗ്ഷനുകളിൽ ഫയർ ഹൈഡ്രന്റുകൾ വേണമെന്നത് നാളുകളായി ഫയർഫോഴ്സ് ആവശ്യപ്പെടുന്നതാണ്
2. എന്നാൽ പലയിടങ്ങളിലും ജല അതോറിട്ടി ഇത് സ്ഥാപിച്ചിട്ടില്ല. ഉള്ള സ്ഥലങ്ങളിൽ വെള്ളവും ഉണ്ടാവില്ല
3. ഏതൊക്കെ പോയിന്റുകളിൽ ഫയർ ഹൈഡ്രന്റ് വേണമെന്നത് പറഞ്ഞു നൽകിയിട്ടും നടപടി സ്വീകരിക്കാത്ത അവസ്ഥയുണ്ട്.
4. ആലപ്പുഴ ഫയർ സ്റ്റേഷനിൽ നിലയിലത്തിന് മുമ്പിലുള്ള കനാലിൽ നിന്നാണ് വെള്ളം ശേഖരിക്കുന്നത്
5. ഇതുവഴിയുള്ള റോഡിലൂടെ കെ.എസ്.ആർ.ടി.സി ബസുകൾ വഴി തിരിച്ചുവിടാൻ തുടങ്ങിയതോടെ വെള്ളം ശേഖരിക്കുന്നത് ബുദ്ധിമുട്ടായി
ജില്ലയിൽ ഫയർ സ്റ്റേഷനുകൾ
8
വാഹനങ്ങളുടെയും പമ്പുകളുടെയും അപര്യാപ്തത വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഫയർ ഹൈഡ്രന്റ് സ്ഥാപിക്കാത്തത് മൂലം പല സ്ഥലങ്ങളിലും എത്തിപ്പെട്ട ശേഷം പ്രതിസന്ധിയിലാകാറുണ്ട്
- ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |