ചരിത്രത്തിൽ ഇടം നേടി ‘നാട്യ’യുടെ നൃത്തപ്രകടനം
ആലപ്പുഴ: വിവിധ സംസ്ഥാനങ്ങളിലെ 35 ഇനം നൃത്തരൂപങ്ങൾ ഒരേ വേദിയിൽ അവതരിപ്പിച്ച് ‘നാട്യ’ ഇന്ത്യൻ ബുക്സ് ഒഫ് റെക്കാഡ്സിൽ
ഇടംനേടി. വിവിധബാങ്കുകളിൽ ജോലി ചെയ്യുന്ന കലാകാരന്മാരുടെ സംഘടനയായ ടാലാന്റഡ് ബാങ്കേഴ്സ് കൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ കൊമ്മാടി അഞ്ജലി കൺവെൻഷൻ സെന്ററിൽ നടന്ന പരിപാടിയാണ് ചരിത്രമായത്.
വിവിധ കലാകാരന്മാരായ 181 നർത്തകർ ഇടവേളകളില്ലാതെ ഒരുമണിക്കൂർ 55 മിനിറ്റ് സമയമെടുത്താണ് നൃത്തയിനങ്ങൾ പൂർത്തിയാക്കിയത്. കേരളത്തിന്റെ തനത് കലാരൂപങ്ങളായ ഓട്ടൻ തുള്ളൽ, കഥകളി, കുച്ചിപ്പുടി, കേരളനടനം എന്നിവയിൽ തുടങ്ങി പഞ്ചാബിന്റെ നൃത്തരൂപമായ ഭാൻഗ്രയിലാണ് അവസാനിച്ചത്. പിന്നാലെ കാൽബൈലിയ (രാജസ്ഥാൻ), സത്രിയ (അസം), ഖാസി (മേഘാലയ),
സന്താളി (ജാർഖണ്ഡ്), സമ്പൽപുരി (ഒഡീഷ), ലംബാഡി (ആന്ധ), ലാവണി (മഹാരാഷ്ട്ര) തുടങ്ങിയ സംസ്ഥാനങ്ങളിലെ നൃത്തയിനങ്ങൾ അവതരിപ്പിച്ചു. ഇന്ത്യൻ ബുക് ഒഫ് റെക്കാഡ്സ് പ്രതിനിധി സാംജോജിന്റെ സാന്നിധ്യത്തിലായിരുന്നു നൃത്തപ്രകടനം. ബാങ്ക് ജീവനക്കാരുടെ കലാപ്രകടനങ്ങൾ, ചിത്രപ്രദർശനം, ഫോട്ടോപ്രദർശനം, ഹൃസ്വചിത്രമേള എന്നിവയുമുണ്ടായിരുന്നു. പ്രസിഡന്റ് അനിൽ ഉണ്ണിത്താൻ, സെക്രട്ടറി സ്വപ്നരാജ്, ആർജിത് പ്രദീപ്, ലിനിൽ കെ. ബേബി, മമിത പെരുംഞ്ചേരി എന്നിവർ നേതൃത്വം നൽകി.