സുവിശേഷം മാത്രമല്ല ; ചാർളിക്ക് പാമ്പുപിടിത്തവും വഴങ്ങും
മാന്നാർ: പ്രാർത്ഥനയും സുവിശേഷവും മാത്രമല്ല വന്യജീവികളിൽ നിന്ന് നാടിനെ രക്ഷിക്കാനും തനിക്ക് അറിയാമെന്ന് തെളിയിക്കുകയാണ് പാസ്റ്റർ ചാർലി വർഗീസ് .ചർച്ച് ഓഫ് ഗോഡ് ഹരിപ്പാട് ടൗൺ ചർച്ചിലെ പാസ്റ്ററായ ചാർലി വർഗീസ് വനം വകുപ്പിന്റെ കീഴിലുളള സർപ ജീല്ലാ ടീമിലെ സ്നേക്ക് റെസ്ക്യൂ വോളണ്ടിയറാണ്.
കുരട്ടിശ്ശേരി കൊല്ലശ്ശേരി ഭാഗത്ത് ഇന്നലെ ഉഗ്രവിഷമുളള അണലിയെ പിടികൂടാനെത്തിയത് ചാർലിയായിരുന്നു. വിളിച്ചാൽ വിളിപ്പുറത്തെന്ന മാസ് ഡയലോഗോടെയാണ് ചാർലി തന്റെ ഫോൺ നമ്പറായ 8943232850 ഓരോരുത്തർക്കും നൽകുന്നത്.
27 വർഷത്തോളമായി ചർച്ച് ഓഫ് ഗോഡിൽ പാസ്റ്ററായി പ്രവർത്തിക്കുന്ന ചാർലി 2018ൽ അഗ്നി രക്ഷാ സേനയുടെ സിവിൽ ഡിഫൻസ് ടീമിൽ അംഗമായി. ഇതിന്റെ ഭാഗമായി രക്ഷാപ്രവർത്തനത്തിൽ ലഭിച്ച വിദഗ്ദ്ധപരിശീലനം ന്നോട്ടുള്ള പ്രയാണത്തിൽ തുണയായി. നായ, പൂച്ച, പരുന്ത് എന്നിവയ്ക്കൊക്കെ ചാർലി പലപ്പോഴും രക്ഷകനായിട്ടുണ്ട് . പാമ്പ് പിടുത്തക്കാരനല്ല, പാമ്പുകളുടെയും മനുഷ്യരുടെയും രക്ഷകനാണ് താനെന്നാണ് ചാർലി പറയുന്നത്. ചാർലിയുടെ ഭാര്യ ജിജിലിയും എഞ്ചിനീയറിംഗ് അവസാന വർഷ വിദ്യാർത്ഥി മകൻ യെശയ്യയും സിവിൽ ഡിഫൻസ് വോളണ്ടിയർമാരാണ്. പ്ലസ് ടു പരീക്ഷാഫലം കാത്തിരിക്കുന്ന എസ്തേർ മകളാണ്. പാമ്പുകൾ ഉപദ്രവകാരികളല്ലെന്നും നമ്മുടെ അശ്രദ്ധയിലാണ് കടിയേൽക്കുന്നതെന്നും ചാർലി വർഗീസ് പറഞ്ഞു.