ആലപ്പുഴ: ഒമിക്രോൺ ഭീഷണിക്കിടയിൽ ജില്ലയിൽ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും കുത്തനേ ഉയരുന്നു. ജനുവരി മൂന്നിന് 94 രോഗികളും ടി.പി.ആർ നിരക്ക് 4.06 ശതമാനവുമായിരുന്നു. എന്നാൽ കഴിഞ്ഞ പതിമൂന്ന് ദിവസത്തിനിടെ ടി.പി.ആർ 22.69 ശതമാനത്തിലെത്തി. ഇതാണ് ആരോഗ്യവകുപ്പിനെ ആശങ്കപ്പെടുത്തുന്നത്.
ഓരോ ദിവസവും സമ്പർക്ക വ്യാപനം വർദ്ധിക്കുകയാണ്. ക്രിസ്മസ് - പുതവത്സരാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ ജനങ്ങൾ കൂട്ടത്തോടെ പുറത്തിറങ്ങിയതാണ് രോഗവ്യാപനത്തിന് കാരണമായത്. തുടർന്ന് പരിശോധ വർദ്ധിപ്പിച്ചതോടെ പുതിയ കേസുകളും വർദ്ധിച്ചു. ഇപ്പോഴത്തെ അവസ്ഥയിൽ ജില്ലയിൽ നിയന്ത്രണം കടുപ്പിക്കാനാണ് ആരോഗ്യവകുപ്പിന്റെ ആലോചന.
കഴിഞ്ഞ വർഷം ഇതേകാലയളവിൽ തദ്ദേശ സ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കുമുള്ള തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയർന്നിരുന്നു. നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെയാണ് രോഗവ്യാപനം നിയന്ത്രിക്കാനായത്. കഴിഞ്ഞ പതിമൂന്ന് ദിവസത്തിനുള്ളിൽ പ്രതിദിന രോഗബാധിതരുടെ എണ്ണം 150ന് മുകളിലായി.
കൊവിഡ് വ്യാപനം വർദ്ധിച്ച സാഹചര്യത്തിൽ നിയന്ത്രണവും അതീവജാഗ്രതാ നിർദേശവുമായി ജില്ലാ ഭരണകൂടവും രംഗത്തെത്തിയിട്ടുണ്ട്. പൊലീസ്, ആരോഗ്യം, തദ്ദേശസ്വയംഭരണം, ഭക്ഷ്യസുരക്ഷ, റവന്യൂ വകുപ്പുകൾ പരിശോധന ശക്തമാക്കി, കഴിഞ്ഞ 13 ദിവസത്തിനുള്ളിൽ 4,397 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 4,155പേർക്കും സമ്പർത്തിലൂടെയാണ് രോഗം ബാധിച്ചത്. കഴിഞ്ഞ മാസം ആദ്യം നൂറിൽ താഴെയായിരുന്നു രോഗികളുടെ എണ്ണം. രണ്ടാഴ്ചകൊണ്ടാണ് രോഗവ്യാപനം ഉയർന്നത്. 41 പേർക്കാണ് ഒമിക്രോൺ റിപ്പോർട്ട് ചെയ്തത്. വിദേശത്ത് നിന്നെത്തിയവർക്കും അവരുമായി സമ്പർക്കമുള്ളവർക്കുമാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. മൂന്നാം തരംഗവും ഒമിക്രോണും ഒരുപോലെ വന്നതോടെ മുതിർന്നവരുടെയും കുട്ടികളുടെയും വാക്സിനേഷൻ വേഗത്തിലാക്കാൻ ജില്ലാ ഭരണകൂടം നിർദേശം നൽകി.
കൊവിഡ് വ്യാപനത്തിന് കാരണം
1. മാർക്കറ്റുകളിലും വ്യാപാര സ്ഥാപനങ്ങളിലും സാമൂഹിക അകലം മറന്നു
2. ഉദ്യോഗസ്ഥരുടെ പരിശോധന കാര്യമായി നടക്കുന്നില്ല
3. റോഡുകളിലും പൊതുഇടങ്ങളിലും തിരക്ക് വർദ്ധിച്ചു
4. പൊലീസ് പട്രോളിംഗും വാഹന പരിശോധയും പേരിനുമാത്രമായി
5. കൊവിഡ് ലംഘന കേസുകളുടെ എണ്ണം വർദ്ധിച്ചു
6. വാഹന പരിശോധന ശക്തമാക്കണമെന്ന് നിർദ്ദേശിച്ചെങ്കിലും പാലിച്ചില്ല
അണു നശീകരണം മുടങ്ങി
കെ.എസ്.ആർ.ടി.സി ബസുകളിൽ ഏർപ്പെടുത്തിയ അണുനശീകരണം ഫലപ്രദമായി നടക്കുന്നില്ല. ഒരുസ്റ്റേഷനിൽ നിന്ന് അടുത്ത സ്റ്റേഷനിൽ ബസ് എത്തുമ്പോൾ അണുവിമുക്തമാക്കണമെന്നാണ് നിർദ്ദേശിച്ചിരുന്നത്. ഇത് പാലിക്കുന്നില്ല.
13ദിവസത്തെ കണക്ക്
രോഗം സ്ഥിരീകരിച്ചവർ: 4397
സമ്പർക്ക വ്യാപനം: 4155
""
ജില്ലയിൽ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും കുത്തനേ ഉയരുന്നു. രോഗ വ്യാപനം തടയാൻ കർശന നിയന്ത്രണം ഏർപ്പെടുത്തും.
ആരോഗ്യ വകുപ്പ് അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |