അമ്പലപ്പുഴ: കുരുന്നു കൈകളിൽ വിരിഞ്ഞ ചിത്രങ്ങളുടെയും അക്ഷരങ്ങളുടെയും സമാഹാരമായി "മാറ്റൊലി". നീർക്കുന്നം എസ്.ഡി.വി ഗവ. യു.പി സ്കൂളിലെ കുട്ടികളാണ് തങ്ങളുടെ സൃഷ്ടികൾ "മാറ്റൊലി" എന്ന പേരിൽ കൈയെഴുത്തു മാസികയായി പുറത്തിറക്കിയത്. ഒന്നു മുതൽ 7 വരെ ക്ലാസുകളിലെ വിദ്യാർത്ഥികളുടെ കഥകൾ, കവിതകൾ, കുറിപ്പുകൾ, ചിത്രങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുത്തിട്ടുണ്ട്.കൊവിഡ് കാലത്ത് രണ്ട് വർഷക്കാലം അദ്ധ്യയനം ഇല്ലാതിരുന്നപ്പോൾ ഡിജിറ്റൽ മാസികയായിരുന്നു വിദ്യാർത്ഥികൾ തയ്യാറാക്കിയത്. ഇപ്പോൾ സ്കൂളിലെത്തി അദ്ധ്യയനം പുനരാരംഭിച്ചപ്പോഴാണ് നിറപ്പകിട്ടാർന്ന കൈയെഴുത്തു മാസിക പിറവിയെടുത്തത്. സ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്ന ചടങ്ങിൽ എസ്.എം.സി ചെയർമാൻ കൂടിയായ എച്ച് .സലാം എം.എൽ.എ ജില്ലാ കളക്ടർ ഡോ. രേണു രാജിന് കൈമാറി കൈയെഴുത്തു മാസികയുടെ പ്രകാശനം നിർവഹിച്ചു.അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഹാരിസ് അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം പി.അഞ്ജു, ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ.പ്രദീപ്തി സജിത്, പഞ്ചായത്തംഗം സുനിത, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ദീപ റോസ്, അമ്പലപ്പുഴ ബി.പി.സി ജി .സുമംഗലി, സ്കൂൾ എച്ച്. എം എ. നദീറ, എസ്.സുഭാഷ്, ബി.അൻസാരി, വി.ബിനു, വി.ഷിബു, ആർ.സജിമോൻ, എസ്.സുനീർ, സീന മനോജ്, അഹല്യ ജോഷി, എം.എസ്. അനിത, സി.വി .മീന, ദീപാ ഗോപിനാഥ്, എസ്.സീമ, ആർ.രജനി എന്നിവർ സംസാരിച്ചു. എൽ.എസ്. എസ്, യു .എസ് .എസ് പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് ജില്ലാ കളക്ടർ ഉപഹാരം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |