ആലുവ: റൂറൽ ജില്ലയിൽ കാപ്പ കൂടുതൽ ശക്തമാക്കി പൊലീസ്. മൂന്നു മാസത്തിനിടയിൽ 22 പേർക്കെതിരെ നടപടിയെടുത്തതായി ജില്ലാ പൊലീസ് മേധാവി വിവേക്‌കുമാർ പറഞ്ഞു. നിരന്തര കുറ്റവാളികളായ എട്ടുപേരെ കാപ്പചുമത്തി ജയിലിൽ അടച്ചു. എട്ടുപേരെ നാടുകടത്തി. ആറുപേർ ആഴ്ചയിലൊരിക്കൽ സ്റ്റേഷനിൽ ഹാജരായി ഒപ്പിടണമെന്ന് ഉത്തരവിട്ടു.
കുറ്റവാളികളുടെ സ്വഭാവവും കുറ്റകൃത്യങ്ങളുടെ രീതിയും സമൂഹത്തിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളും എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് ടീം പരിശോധിച്ചാണ് നടപടിയെടുക്കുന്നത്. സമൂഹത്തിൽ സമാധാന അന്തരീക്ഷം സൃഷ്ടിക്കലാണ് ലക്ഷ്യം. നിരന്തര കുറ്റവാളികളായ കാടപ്പാറയിൽ കൊമാട്ടിൽ അരുൺ, കുന്നത്തുനാട് മോറക്കാല പോക്കാട്ട് രഞ്ജിത്ത്, വാഴക്കുളം മഞ്ഞള്ളൂർ വാഴക്കുളം ചേന്നാട്ട് സൻസൽ, ഞാറയ്ക്കൽ എളങ്കുന്നപ്പുഴ പണിക്കശേരി ലെനീഷ്, മുളന്തുരുത്തി കണയന്നൂർ തലക്കോട് അശോക്‌ഭവനിൽ അശോക്‌കുമാർ, പുത്തൻകുരിശ് ഐക്കരനാട് സൗത്ത് വടയമ്പാടി കൊണ്ടോലിക്കുടി ഡ്രാക്കുള സുരേഷ്, കോട്ടപ്പടി വടോട്ടുമാലിൽ പ്രദീപ്, അറക്കപ്പടി വെള്ളാരം പാറക്കുഴി കോളനിയിൽ താമസിക്കുന്ന ഒന്നാംമൈൽ മൂക്കട സലാം അബ്ദുൾ ഖാദർ എന്നിവരെയാണ് കാപ്പചുമത്തി ജയിലിലടച്ചത്.
കൂവപ്പടി ഐമുറി വിഷ്ണുഭവൻ അജി വി. നായർ, പല്ലാരിമംഗലം കൂവള്ളൂർ പാറയിൽ അച്ചു ഗോപി, പുതുപ്പാടി താണിക്കത്തടം കോളനിറോഡ് ചാലിൽപുത്തൻപുര ദിലീപ്, കാലടി മാണിക്യമംഗലം നെട്ടിനംപ്പിള്ളി കാരക്കോത്ത് ശ്യംകുമാർ, മലയാറ്റൂർ സെബിയൂർ കരിങ്ങാംതുരുത്ത് സനൂപ്, രാമമംഗലം കിഴുമുറി പുളവൻമലയിൽ രതീഷ്, അയ്യമ്പുഴ ചുള്ളി കോളാട്ടുകുടി ടോണി ഉറുമീസ്, തുറവൂർ പെരിങ്ങാംപറമ്പ് അമ്പാടൻ സന്ദീപ് എന്നിവരെ നാടുകടത്തി.
ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡി.ഐ.ജി ഡോ. എ. ശ്രീനിവാസാണ് നാടുകടത്താനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
കാപ്പ ഉത്തരവ് ലംഘിച്ചതിന് പെരുമ്പാവൂർ സ്റ്റേഷൻ പരിധിയിലെ ആദിൽഷ്, കോതമംഗലം സ്റ്റേഷൻ പരിധിയിലെ ദിലീപ്, കാലടി സ്റ്റേഷൻ പരിധിയിലെ ശ്യാംകുമാർ എന്നിവരെ റിമാൻഡ് ചെയ്തിരുന്നു. കൂടുതൽപേർ നിരീക്ഷണത്തിലാണ്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി കാപ്പ ഉൾപ്പെടെയുള്ള നടപടി തുടരുമെന്ന് റൂറൽ എസ്.പി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |