
കൊച്ചി: എറണാകുളം ശിവക്ഷേത്ര നടപ്പന്തലിന്റെ പ്രവേശനകവാടത്തിൽ കിടന്നുറങ്ങുന്നതിനിടെ കുത്തേറ്റ യുവാവ് വൈദ്യസഹായം കിട്ടാതെ കിടന്നത് അഞ്ച് മണിക്കൂറോളം. വെളുപ്പിന് ഇതുവഴി കടന്നുപോയ ഭക്തജനങ്ങളുൾപ്പെടെ യുവാവ് കുത്തേറ്റ് കിടക്കുന്നത് അറിഞ്ഞില്ല. രാത്രി ഒപ്പം കിടന്നിരുന്നയാൾ അക്രമിയെ കണ്ട് ഭയന്നോടിയതിനാൽ സംഭവം ആരും അറിയാതെ പോയതാണ് വൈദ്യസഹായം വൈകാനിടയായത്.
എറണാകുളം ഡർബാർഹാൾ മൈതാനത്തും എറണാകുളത്തപ്പൻ മൈതാനത്തും അന്തിയുറങ്ങുന്ന ഫോർട്ട്കൊച്ചി കൽവത്തി സ്വദേശി സൈജുവിനാണ് (42) കുത്തേറ്റത്. എറണാകുളം മെഡിക്കൽ കോളേജിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ ഇയാൾ നിലവിൽ വെന്റിലേറ്റർ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്.
ഇന്നലെ പുലർച്ചെ രണ്ടിന് ദർബാർഹാൾ ഗ്രൗണ്ടിനോട് ചേർന്നുള്ള കിഴക്കേ നടപ്പന്തലിലായിരുന്നു ആക്രമണം. പ്രവേശനകവാടത്തിന്റെ സ്ലാബിലാണ് സൈജു കിടന്നത്. ചന്ദ്രൻ എന്നയാളും സമീപത്ത് കിടപ്പുണ്ടായിരുന്നു. രാത്രി രണ്ടോടെ അക്രമി എത്തുന്നത് കണ്ട് സമീപത്തെ മൈതാനത്തേക്ക് ചന്ദ്രൻ ഓടിരക്ഷപ്പെട്ടു. തുടർന്നാണ് അക്രമി സൈജുവിനെ മൂർച്ചയേറിയ ആയുധം കൊണ്ട് വയറ്റിൽ കുത്തിപ്പരിക്കേൽപ്പിച്ചത്. രക്തം വാർന്നെങ്കിലും എഴുന്നേൽക്കാനോ, സഹായം അഭ്യർത്ഥിക്കാനോ സാധിച്ചില്ല.
സമീപം പൂക്കട നടത്തുന്ന ഉദയനാണ് രാവിലെ 6.30ന് കട തുറക്കാൻ എത്തിയപ്പോൾ രക്തം വാർന്ന് കിടക്കുന്നത് കണ്ടത്. അര മണിക്കൂറിനകം സമീപത്തെ ഓട്ടോ ഡ്രൈവർമാരുടെ സഹായത്തോടെ ആംബുലൻസിൽ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചു. ഇവിടെ നിന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച സൈജുവിനെ അടിയന്തര ശസ്ത്രക്രിയ നടത്തി വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. ഉറങ്ങിക്കിടക്കുന്നതിനിടെ തന്നെ ആരോ ആക്രമിച്ചതായി ജനറൽ ആശുപത്രിയിലെ ഡോക്ടറോട് സൈജു പറഞ്ഞു.
വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് മോചിതനായ സൈജു പതിവായി ദർബാർഹാൾ ഗ്രൗണ്ടിലായിരുന്നു കിടപ്പ്. സെക്യുരിറ്റി ജീവനക്കാർ ഇത് തടഞ്ഞതോടെയാണ് ഗോപുരവാതിലിലേക്ക് കിടപ്പ് മാറ്റിയത്.
അക്രമി ആര് ?
ദർബാർഹാളിൽ നിന്ന് ക്ഷേത്രമൈതാനത്തേക്കുള്ള നടപ്പാതയിലെ ഇരുമ്പ് ഗ്രില്ലിൽ തൂക്കിയ രുദ്രാക്ഷമാലകൾ പൊട്ടിച്ചെടുക്കാൻ ശ്രമിച്ച യുവാവിനെ സൈജുവിന്റെ നേതൃത്വത്തിൽ അടുത്തിടെ നേരിട്ടിരുന്നു. ഇതേയുവാവ് ക്ഷേത്രവളപ്പിലെ കടയിൽ നിന്ന് രാത്രി പുസ്തകങ്ങൾ കടത്തിക്കൊണ്ടു പോകാൻ ശ്രമിച്ചതും അടുത്തിടെയാണ്. ഇതുമായി ബന്ധപ്പെട്ടാണ് ആക്രമണമെന്ന് സംശയിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |