
നെടുമ്പാശേരി: ദുബായിൽ നിന്നെത്തിയ യുവാവിനെ വിമാനത്താവളത്തിൽ വച്ച് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി കാറിൽ കയറ്റി മർദ്ദിച്ച് മൊബൈൽ ഫോണും ബാഗുകളും തട്ടിയെടുത്ത ശേഷം വഴിയിൽ തള്ളിയ കേസിൽ അഞ്ച് പേരെ നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികൾ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. തൊണ്ടി സാധനങ്ങൾ കണ്ടുകിട്ടിയിട്ടില്ല.
മട്ടാഞ്ചേരി പാണ്ടികുടി പീടികപറമ്പിൽ ആന്റണി നിസ്റ്റൽ റോൺ (20), ഫോർട്ടുകൊച്ചി ചിറപ്പുറം എരവേലി ഒന്നാരക്കാട്ടിൽ വീട്ടിൽ ഹംദാൻ ഹരീഷ് (21), മട്ടാഞ്ചേരി ചുള്ളിക്കൽ മലയിൽ ബിബിൻ ബാബു (26), പള്ളുരുത്തി രാമേശ്വരം തെക്കേവാരിയം വീട്ടിൽ വിഷ്ണു വിനോദ് (21), മട്ടാഞ്ചേരി നസ്രത്ത് മൂലംകുഴി പുളിന്തറ വീട്ടിൽ ജോൽ ജോർജ് (22) എന്നിവരാണ് അറസ്റ്റിലായത്. കേസിലെ മുഖ്യപ്രതി സജിത്തിനെ കണ്ടെത്താനായില്ല. കാസർകോട് കിഴക്കേക്കര തവക്കൽ മൻസിലിൽ മുഹമ്മദ് ഷാഫി (40)യെയാണ് വെള്ളിയാഴ്ച്ച പുലർച്ചെ 12.30ഓടെ പ്രതികൾ തട്ടിക്കൊണ്ടുപോയത്.
വിമാനത്താവളത്തിലെ പ്രീ പെയ്ഡ് ടാക്സി കൗണ്ടറിലേക്ക് പോകുമ്പോൾ പിന്നിലൂടെ വന്ന മൂന്ന് പേർ തോക്കുചൂണ്ടി ബലമായി ഫോർച്യൂണർ കാറിൽ കയറ്റിയെന്നും കാറിൽ മറ്റ് മൂന്ന് പേർ കൂടി ഉണ്ടായിരുന്നെന്നും മുഹമ്മദ് ഷാഫി പൊലീസിനോട് പറഞ്ഞിരുന്നു. എന്നാൽ വിമാനത്താവളത്തിലെ സി.സി ടി.വി കാമറകൾ പരിശോധിച്ചപ്പോൾ തോക്ക് ഉണ്ടായിരുന്നില്ലെന്ന് വ്യക്തമായിട്ടുണ്ട്. തട്ടിക്കൊണ്ടുപോകലിന് സ്വർണക്കടത്ത് മാഫിയയുമായി ബന്ധമുണ്ടോയെന്നും പൊലീസിന് സംശയമുണ്ട്.
തട്ടിയെടുത്ത ബാഗുകളും ഫോണും ഒളിവിൽപോയ മുഖ്യപ്രതി സജിത്തിന്റെ കൈവശമാണെന്നാണ് പിടിയിലായ പ്രതികൾ മൊഴി നൽകിയിട്ടുള്ളത്. പ്രതികളെ അങ്കമാലിയ കോടതി റിമാൻഡ് ചെയ്തു. ആലുവ ഡിവൈ.എസ്.പി പി.കെ. രാജേഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |