* പീഡനശ്രമമുണ്ടായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കൊച്ചി: മുഖത്തും ദേഹത്തും പരിക്കുകളോടെ ആശുപത്രിയിൽ എത്തിച്ച വൃദ്ധ മരിച്ച സംഭവത്തിൽ വഴിത്തിരവ്. കൊച്ചി നഗരമദ്ധ്യത്തിൽ താമസിക്കുന്ന അറുപത്തഞ്ചുകാരിയെ സഹോദരന്റെ മകൻ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് പൊലീസ് കണ്ടെത്തി. കലാഭവൻറോഡിൽ രമേശനാണ് (45) അറസ്റ്റിലായത്. പിതൃസഹോദരിയെ ഇയാൾ പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് സംശയിക്കുന്നത്. പീഡനം നടന്നതായുള്ള സൂചന പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽനിന്ന് ലഭിച്ചിട്ടുണ്ട്. രമേശിനെ വിശദമായി ചോദ്യംചെയ്തുവരികയാണ്. വെള്ളിയാഴ്ച മുതൽ ഇയാൾ പൊലീസ് കസ്റ്റഡിയിലായിരുന്നു.
വെള്ളിയാഴ്ച പുലർച്ചെ രണ്ടോടെ രമേശനും ബന്ധുക്കളും ചേർന്നാണ് വൃദ്ധയെ അബോധാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ആശുപത്രിയിൽ എത്തുന്നതിനുമുന്നേ ഇവർ മരിച്ചിരുന്നു. വൃദ്ധയുടെ മുഖത്തെ പാടുകണ്ട് സംശയം തോന്നിയ ഡോക്ടർ പൊലീസിനെ അറിയിക്കുകയായിരുന്നു. ഉടനെ പൊലീസെത്തി വിവരങ്ങൾ ശേഖരിക്കുകയും രമേശനിൽ നിന്നടക്കം മൊഴി രേഖപ്പെടുത്തുകയും ചെയ്തു. പെരുമാറ്റത്തിലുംമറ്റും പന്തികേട് തോന്നിയ ഇയാളെ സ്‌റ്റേഷനിലെത്തിച്ച് കസ്റ്റഡിയിൽ വയ്ക്കുകയായിരുന്നു. എന്നാൽ കൊലപാതകത്തെക്കുറിച്ച് ഇയാൾ വെളിപ്പെടുത്തിയിരുന്നില്ല.
ഉച്ചയോടെ ലഭിച്ച പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പീഡനശ്രമമുണ്ടായിരുന്നതായി വിവരം ലഭിച്ചതോടെ രമേശനെ വിശദമായി ചോദ്യംചെയ്യുകയും നടന്നകാര്യങ്ങൾ ഇയാൾ തുറന്നുപറയുകയുമായിരുന്നു. വൃദ്ധയെ ഇയാൾ ഒന്നിൽക്കൂടുതൽ തവണ പീഡിപ്പിച്ചിരുന്നോ തുടങ്ങിയ കാര്യങ്ങൾ അന്വേഷിച്ചുവരികയാണെന്ന് സെൻട്രൽ എസ്.എച്ച്.ഒ വിജയ് ശങ്കർ പറഞ്ഞു. നഗരമദ്ധ്യത്തിലെ ഇരുനിലവീട്ടിലാണ് അവിവാഹിതയായ വയോധിക സഹോദരനും കുടുംബത്തോടുമൊപ്പം താമസിച്ചിരുന്നത്. സഹോദരന്റെ കുടുംബവും ഇവരും തമ്മിൽ വഴക്കുപതിവായിരുന്നെന്നാണ് അയൽവാസികളുടെ മൊഴി. വീട്ടുവേലയ്ക്കും മറ്റും പോയിരുന്ന വയോധിക കുറച്ചു വർഷമായി ജോലിക്ക് പോയിരുന്നില്ല. ഇതിനെച്ചൊല്ലി രമേശനുമായി തർക്കമുണ്ടായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |