കൊച്ചി: സ്കൂട്ടറുകളും കാറുകളും കെ.എസ്.ആർ.ടി.സി ബസ് വരെ ഇപ്പോൾ യാത്രയ്ക്കിടയിൽ തീപിടിക്കുകയാണ്. ജില്ലയിൽ രണ്ട് മാസത്തിനിടെ ആറ് സംഭവങ്ങൾ തുടരെയുണ്ടായതോടെ ജനങ്ങൾക്കിടയിൽ ആശങ്കയേറി. ഏറ്റവുമൊടുവിൽ ശനിയാഴ്ചയാണ് ആലുവ ദേശത്ത് വച്ച് ഓടിക്കൊണ്ടിരിക്കെ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസിന് തീ പിടിച്ചത്. ഡ്രൈവറുടെ സമയോചിത ഇടപെടൽ വൻ അപകടമൊഴിവാക്കി. കെ.എസ്.ആർ.ടി.സി ബസിന്റെ എൻജിനിൽ നിന്നാണ് തീ പടർന്നത്.
കാരണമറിയാം, ഒഴിവാക്കാം അപകടം
ഓടിക്കൊണ്ടിരിക്കുമ്പോൾ ഉണ്ടാകുന്ന എൻജിൻ തകരാർ
കൂട്ടിയിടി
വയറിംഗ് തകരാർ
ഷോർട്ട് സർക്യൂട്ട്
ശരിയായ അറ്റകുറ്റപ്പണിയുടെ അഭാവം
ഫ്യുവൽ ലൈനിൽ ലീക്കേജുകൾ
ലൂബ്രിക്കേഷൻ സംവിധാനത്തിന്റെ തകരാറുകൾ
എൻജിൻ താപനില വർദ്ധിക്കുന്നത്
യാത്രക്കാരുടെ അശ്രദ്ധ
പണിയാകുന്ന രൂപമാറ്റം
സംസ്ഥാനത്ത് അടുത്തിടെ റിപ്പോർട്ട് ചെയ്ത സംഭവങ്ങളിലെല്ലാം തീപിടിത്തത്തിന്റെ പ്രധാനകാരണം ഷോർട്ട് സർക്യൂട്ടാണ്. വാഹനങ്ങൾ രൂപമാറ്റത്തിനായി ചെയ്യുന്ന പ്രവർത്തികളാണ് ഷോർട്ട് സർക്യൂട്ടിന് ഇടയാക്കുന്നതെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ പറയുന്നു. 55-60 വാട്ട്‌സ് ബൾബുകൾ ഘടിപ്പിക്കുന്ന ഹോൾഡറുകളിൽ 100- 130 വാട്ട് ഹാലജൻ ബൾബുകളിടുന്നതുവരെ അപകടം ക്ഷണിച്ചുവരുത്തും.
ജില്ലയിലെ സമീപകാല വാഹന തീപിടിത്ത അപകടങ്ങൾ
ജൂലായ് 10 : കുണ്ടന്നൂരിൽ വിദ്യാർത്ഥികളെ കയറ്റാൻ പോകുകയായിരുന്ന സ്‌കൂൾ ബസിന് തീ പിടിച്ചു. ബസ് പൂർണമായും കത്തിനശിച്ചു.
ജൂലായ് 4 : തേവര കുണ്ടന്നൂർ പാലത്തിൽ രാത്രി ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. നെട്ടൂർ സ്വദേശിയായ അമ്മയും മകനുമാണ് കാറിലുണ്ടായിരുന്നത്. കാറിന്റെ മുൻവശത്തു നിന്നു പുക ഉയരുന്നതുകണ്ട് വാഹനം നിർത്തി ഇവർ പുറത്തിറങ്ങി. അതുവഴി വന്ന കുടിവെള്ള ടാങ്കർ നിർത്തി ജീവനക്കാർ വെള്ളം പമ്പ് ചെയ്ത് തീ കെടുത്തി.
ജൂൺ 25 : പള്ളിക്കര വണ്ടർലായ്ക്ക് സമീപത്ത് വീട്ടിൽ നിന്ന് പുറത്തേയ്ക്ക് ഇറക്കുന്നതിനിടെയാണ് കാറിന് തീപിടിച്ചത്. പുക ഉയരുന്നത് കണ്ട് അമ്മയും മകനും ചാടി പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. ഷോർട്ട് സർക്യൂട്ടാണ് കാരണം.
ജൂൺ 13 : തൃപ്പൂണിത്തുറ ദേവി ആശുപത്രിയുടെ പാർക്കിംഗ് ഗ്രൗണ്ടിൽ നിർത്തിയിട്ട കാറിന് രാത്രി 10.15ഓടെ തീപിടിച്ചു. ഫയർ ഫോഴ്സെത്തി അണച്ചു,
ജൂൺ 9 : അങ്കമാലി ടൗണിൽ പുലർച്ചെ 5.40ഓടെ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. യാത്രക്കാരായ മൂന്ന് പേരും ഇറങ്ങിയോടി രക്ഷപ്പെട്ടു. രോഗിയുമായി ആലുവയിൽ നിന്ന് അങ്കമാലിയിലേക്ക് പോകുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |