ഇരയായത് 56കാരനും സുഹൃത്തുക്കളും
കൊച്ചി: വിൽക്കാനായി കാണിച്ചത് ബംഗളൂരുവിലെ മറ്റാരുടെയോ സ്ഥലം. അവിടെ 'പണിതു’ നൽകാമെന്നേറ്റത് ആയിരം ചതുരശ്രയടി കെട്ടിടവും. ബംഗളൂരു സ്വദേശികളുടെ വാചക കസർത്തിൽ വീണ് കൊച്ചി സ്വദേശിക്കും സുഹൃത്തുക്കൾക്കും നഷ്ടമായത് 1.25 കോടി ! 56കാരന്റെ പരാതിയിൽ കേസെടുത്ത എറണാകുളം സെൻട്രൽ പൊലീസ് അന്വേഷണം തുടങ്ങി. ബംഗളൂരു സ്വദേശിയായ മഞ്ജുനാഥ് റെഡ്ഡി, എം. രാജേഷ് എന്നിവർക്കെതിരെയാണ് അന്വേഷണം. പ്രതികൾ ഒളിലെന്നാണ് വിവരം.
2018ലാണ് 56കാരനും സുഹൃത്തുക്കളും ചേർന്ന് ബംഗളൂരുവിൽ സ്ഥലംവാങ്ങി കെട്ടിടം പണിയാൻ തീരുമാനിച്ചത്. രണ്ടാംപ്രതി രാജേഷ് വഴി മഞ്ജുനാഥിനെ പരിചയപ്പെട്ടു. ബംഗളൂരുവിൽ സ്ഥലം വിൽക്കാനുണ്ടെന്ന് അറിയിച്ച മഞ്ജുനാഥ്, വ്യാജരേഖകൾ കാണിച്ച് വിശ്വാസം നേടിയെടുത്തു. സ്ഥലത്ത് ആയിരം ചതുരശ്രയടി കെട്ടിടവും നിർമ്മിച്ചു നൽകാമെന്ന് ഉറപ്പുനൽകി. നല്ലൊരു തുക നൽകി എറണാകുളത്ത് വച്ച് കരാറുണ്ടാക്കി. ഇടപാടിന് മുൻകൂറായി 1.25 കോടി പ്രതികൾക്ക് കൈമാറി.
പണം വാങ്ങിയിട്ടും തുടർ നടപടികളൊന്നുമാകാത്തതോടെ നടത്തിയ അന്വേഷണത്തിലാണ് കബളിപ്പിക്കപ്പെട്ടെന്ന് തിരിച്ചറിഞ്ഞത്.
മഞ്ജുനാഥിന്റെ പേരിൽ ഭൂമിയില്ലെന്നും വ്യാജരേഖ കാണിച്ച് തട്ടിപ്പിൽ വീഴ്ത്തിയതാണെന്നും വ്യക്തമായതോടെ പണം തിരികെ ആവശ്യപ്പെട്ടു. പണം തിരികെ നൽകാൻ പ്രതികൾ തയാറായില്ല. തുടർന്ന് കഴിഞ്ഞ ദിവസം പരാതി നൽകി.
തട്ടിപ്പ് കേസുകൾ കൂടുന്നു
സംസ്ഥാനത്ത് തട്ടിപ്പു കേസുകളിൽ വർദ്ധന. ഇതുവരെ 5,909 കേസുകളാണ് രജിസ്റ്റർ ചെയ്തത്. പോയവർഷം 11,029. 2016ൽ 4,623. മുമ്പില്ലാത്തവിധം തട്ടിപ്പിന് ഇരയാകുന്നവർ പരാതിപ്പെടാൻ മുന്നോട്ടുവരുന്നതാണ് കേസുകൾ രേഖപ്പെടുത്തുന്നതിൽ ഉയർച്ചയ്ക്ക് കാരണമെന്ന് പൊലീസ് അനുമാനം. കേസുകളിൽ പ്രതികളും അറസ്റ്റിലാകുന്നുണ്ട്.
വർഷം - കേസുകൾ
2016 - 4,623
2017- 3,930
2018- 4,643
2019 -6,347
2020 -8,993
2021- 5,214
2022 -8,307
2023-11,029
2024 - 5,909
( കേരള പൊലീസ് ക്രൈം സ്റ്റാസ്റ്റിക്‌സ് രേഖ )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |