• പൂർണത്രയീശ ക്ഷേത്ര ഉപദേശക സമിതി തിരഞ്ഞെടുപ്പിനെതിരെ പരാതി
കൊച്ചി: ക്ഷേത്ര ഉപദേശക തിരഞ്ഞെടുപ്പിന് ഹൈക്കോടതി കർശന മാർഗനിർദ്ദേശങ്ങൾ ഉത്തരവായതിനാൽ പ്രമുഖക്ഷേത്രങ്ങളിൽ ഉൾപ്പെടെ ആരംഭിച്ച തിരഞ്ഞെടുപ്പ് നടപടികൾ കൊച്ചിൻ ദേവസ്വം ബോർഡ് നിറുത്തിവയ്ക്കാൻ സാദ്ധ്യത. പുതിയ നിയമം പ്രാബല്യത്തിൽ വരും മുമ്പ് കാലാവധി കഴിഞ്ഞ തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രം, വളഞ്ഞമ്പലം ക്ഷേത്രം ഉൾപ്പെടെയുള്ള ക്ഷേത്ര സമിതികളിൽ തിരക്കിട്ട് തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പുരോഗമിക്കവേയാണീ നീക്കം.
മാർച്ച് 13 ലെ ദേവസ്വം ബെഞ്ചിന്റെ വിധിയിലാണ് പുതിയ മാനദണ്ഡം. ഇതു പ്രകാരം മാർഗനിർദ്ദേശങ്ങൾ ഹൈക്കോടതിയിൽ സമർപ്പിച്ച് അംഗീകാരം വാങ്ങി ഗസറ്റിൽ വിജ്ഞാപനം ചെയ്യണം. ഉപദേശ സമിതിയിൽ മുഖ്യ ക്ഷേത്രങ്ങളിൽ 16ഉം മറ്റുക്ഷേത്രങ്ങളിൽ 9ഉം അംഗങ്ങൾ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. ഒരു ടേമിൽ അധികം ഭാരവാഹി സ്ഥാനവും രണ്ട് തവണയിലധികം കമ്മിറ്റി അംഗത്വവും നിഷിദ്ധമാണ്.
• ട്രഷറർ സ്ഥാനം: പരിഷ്കരിക്കാൻ ഹർജി
ക്ഷേത്ര ഉപദേശക സമിതി ട്രഷറർ സ്ഥാനം ദേവസ്വം ഓഫീസർമാർ വഹിക്കണമെന്ന പുതിയ മാനദണ്ഡത്തിൽ പരിഷ്കരിക്കാൻ ഹൈക്കോടതിയിൽ പുന:പരിശോധനാ ഹർജി സമർപ്പിക്കാൻ ദേവസ്വം ബോർഡ് ആലോചന. ദേവസ്വം ഓഫീസർക്ക് നിരവധി ക്ഷേത്രങ്ങളുടെ ചുമതലയുണ്ട്. ഇവയുടെയെല്ലാം സമിതികളിലെ ട്രഷറർ സ്ഥാനം വഹിക്കുക അപ്രായോഗികമാണ്. ജോലിഭാരം അമിതമാണെന്ന് പരാതിയുയർന്നു. 23 ക്ഷേത്രങ്ങളുടെ വരെ ചുമതലയുള്ള ദേവസ്വം ഓഫീസർമാരുണ്ട്.
സമിതി തിരഞ്ഞെടുപ്പിൽ അംഗങ്ങളെ ദേവസ്വം ബോർഡ് നോമിനേറ്റ് ചെയ്യുന്ന രീതി അവസാനിപ്പിക്കുന്ന വിധത്തിലാണ് പുതിയ മാനദണ്ഡം. ഇതുപ്രകാരം പൊതുയോഗ ദിനത്തിൽ തന്നെ ആവശ്യമെങ്കിൽ നറുക്കെടുപ്പ് നടത്തണമെന്ന മാർഗനിർദ്ദേശത്തിന് ഭക്തരുടെ ഇടയിൽ വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണം
തൃപ്പൂണിത്തുറ ക്ഷേത്രത്തിൽ പഴയ മാനദണ്ഡപ്രകാരം തിരക്കിട്ട് തിരഞ്ഞെടുപ്പ് നടത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഈഴവ മഹാജന സഭ സംസ്ഥാന പ്രസിഡന്റ് പി.എസ്. ബാബുറാം ദേവസ്വം ബോർഡിന് പരാതി നൽകി. ഹൈന്ദവ പിന്നാക്ക വിഭാഗങ്ങളെ സമിതിയിൽ നിന്ന് അകറ്റി നിറുത്തുകയാണ്. ഭക്തരെ വഞ്ചിക്കാൻ ദേവസ്വം ബോർഡ് കൂട്ടുനിൽക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |