കാട്ടുപന്നി ബൈക്കിലിടിച്ച് യുവാവിന് പരിക്ക്

Thursday 21 May 2026 5:34 PM IST

കോതമംഗലം: നേര്യമംഗലം - പുന്നേക്കാട് റോഡിൽ കാട്ടുപന്നി ബൈക്കിലിടിച്ച് യാത്രക്കാരന് പരിക്കേറ്റു. പാലമറ്റം ചീക്കോട് കുന്നത്ത് മനീഷയുടെ മകൻ ജോബ് കെ.പോളാണ് (21) അപകടത്തിൽപ്പെട്ടത്. ബുധനാഴ്ച രാത്രി പോത്തുപാറയിലായിരുന്നു സംഭവം. റോഡിൽ വീണുകിടന്ന ജോബ് ഫോണിലൂടെ വിവരമറിയിച്ചതിനെത്തുടർന്ന് സുഹൃത്തെത്തിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കാട്ടുപന്നിയും മ്ലാവും പതിവായി ഇറങ്ങുന്ന ഈ മേഖലയിൽ ആനശല്യവും രൂക്ഷമാണ്. വനപാലകർ ആശുപത്രിയിലെത്തി ജോബിനെ സന്ദർശിച്ചു. ചികിത്സാച്ചെലവ് വനംവകുപ്പ് വഹിക്കും. പത്തു ദിവസം മുൻപ് സമീപപ്രദേശമായ തടിക്കുളത്ത് മ്ലാവ് ബൈക്കിലിടിച്ച് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റിരുന്നു.