റോബോട്ട് മിത്രയുമായി ഭാരതമാതാ കോളേജ്
Wednesday 03 June 2026 5:15 PM IST
തൃക്കാക്കര: ഇന്റേൺഷിപ്പിന്റെ ഭാഗമായി ഭാരതമാതാ കോളേജിലെ (ഓട്ടോണമസ്) വിദ്യാർത്ഥികൾ റോബോട്ട്, 'മിത്ര 1.0"വികസിപ്പിച്ചു. ബി.സി.എ, ഡാറ്റാസയൻസ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ രണ്ടാംവർഷ വിദ്യാർത്ഥികൾ ചേർന്നാണ് സാങ്കേതിക മികവും സർഗാത്മകശേഷിയും ഒരുമിച്ച് പ്രതിഫലിപ്പിക്കുന്ന ഹ്യൂമനോയിഡ് റോബോട്ട് നിർമ്മിച്ചത്. കോളേജിലെ പ്രവേശന നടപടികൾക്കും ഭരണകാര്യങ്ങൾക്കും പൊതുജനങ്ങളുമായുള്ള ആശയവിനിമയത്തിനും പിന്തുണ നൽകുന്നതിനായാണ് രൂപകല്പന. ക്യാമ്പസിലെത്തുന്ന വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സന്ദർശകർക്കും ആവശ്യമായ വിവരങ്ങൾ നൽകുക, അഡ്മിഷൻ സംബന്ധമായ സംശയങ്ങൾക്ക് മറുപടി നൽകുക, വിവിധ വിഭാഗങ്ങളിലേക്കുള്ള മാർഗനിർദ്ദേശം നൽകുക തുടങ്ങിയ സേവനങ്ങൾ ഈ സംവിധാനത്തിലൂടെ ലഭ്യമാക്കാനാണ് ലക്ഷ്യം.