ആലുവ: റിബ്ബൺ വടിയാക്കിയും സഞ്ചി ദേശീയപതാകയാക്കിയും മാജിക്ക് കാട്ടി കീഴ്മാടിന്റെ അഭിമാനമാകുകയാണ് എട്ടാം ക്ലാസ് വിദ്യാർത്ഥി കൃഷ്ണനുണ്ണി രഞ്ജിത്. മാജിക്കിൽ ഇന്ത്യ ബുക്ക് ഒഫ് റെക്കാഡും ഏഷ്യ ബുക്ക് ഒഫ് റെക്കാഡും കരസ്ഥമാക്കിയാണ് കൃഷ്ണനുണ്ണി നാടിന്റെ അഭിമാനമായത്. 30 സെക്കൻഡിൽ 13 ഇനം മാജിക് അവതരിപ്പിച്ചാണ് രണ്ട് റെക്കാഡും നേടിയത്. മാജിക്കിൽ ഗിന്നസ് വേൾഡ് റെക്കാഡ് നേടണമെന്നാണ് കൃഷ്ണനുണ്ണിയുടെ ആഗ്രഹം. ആലുവ കീഴ്മാട് പഞ്ചായത്തിൽ സാമൂഹ്യ പ്രവർത്തകനായ കെ. രഞ്ജിത് കുമാറിന്റെയും വിനിതയുടെയും മകനാണ്. മജീഷ്യനായ റഷീദ് കുഞ്ചാട്ടുകരയുടെ കീഴിൽ അഞ്ച് വർഷമായി കൃഷ്ണനുണ്ണി മാജിക് അഭ്യസിക്കുന്നുണ്ട്. ആലുവ വിദ്യാധിരാജ വിദ്യാഭവൻ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയാണ്. സഹോദരി കമല ഇതേ സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |