കൊച്ചി: ആശങ്ക ഇരട്ടിപ്പിച്ച് 5,000 കടന്ന് ജില്ലയിൽ കൊവിഡ് വ്യാപനം. മൂന്നാംതരഗത്തിൽ ആദ്യമായാണ് ജില്ലയിൽ പ്രതിദിന കൊവിഡ് രോഗികൾ 5,000ന് മുകളിലെത്തുന്നത്. ഇന്നലെ 5,953 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
44.59 ആണ് ഇന്നലത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. സമ്പർക്കം വഴിയാണ് 5,924 പേർക്കും രോഗം ബാധിച്ചത്. രണ്ട് ആരോഗ്യ പ്രവർത്തകർക്കും ഉറവിടം അറിയാത്ത 27 പേർക്കുമാണ് രോഗം. ഇന്നലെ 1,490 പേർ രോഗമുക്തി നേടി. ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ ആകെ എണ്ണം 26,049 ആണ്.
ജില്ലയിൽ വിദ്യാലയങ്ങൾ വഴി ഇന്നലെ കൊവിഡ് വാക്സിൻ വിതരണം ആരംഭിച്ചു. തിരഞ്ഞെടുത്ത സ്കൂളുകളിലളാണ് വാക്സിൻ നൽകുന്നത്. ജില്ലയിലാകെ ഇന്നലെ 7,311 ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. ഇതിൽ 3780 ഉം ആദ്യ ഡോസ് വാക്സിനാണ്. 1510 പേർക്ക് രണ്ടാം ഡോസാണ് നൽകിയത്. ജില്ലയിലെ കൊവിഡ് അതിതീവ്രവ്യാപനത്തെ നേരിടാൻ സമഗ്ര പ്രതിരോധമാണ് പോംവഴിയെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി പി. രാജീവ്. സർക്കാർ സംവിധാനങ്ങളും ജനപ്രതിനിധികളും സന്നദ്ധസംഘടനകളും ഒറ്റക്കെട്ടായി ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കണം. കൊവിഡ് പ്രതിരോധത്തിൽ വിട്ടുവീഴ്ച്ചയോ പാളിച്ചയോ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ തദ്ദേശ സ്ഥാപന പ്രതിനിധികളുമായി നടത്തിയ അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |