കൊച്ചി: തൃക്കാക്കരയിൽ മുന്നണികളുടെ പ്രചാരണം കൊഴുപ്പിക്കാൻ നിരവധി നേതാക്കളാണ് മണ്ഡലത്തിൽ ക്യാമ്പ് ചെയ്യുന്നത്. ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി വോട്ടുറപ്പിക്കാനാണ് നേതാക്കളുടെയും സ്ഥാനാർത്ഥികളുടെയും പ്രവർത്തനം.
ഫ്ലാറ്റുകളിലെത്തി എ.എൻ.ആർ
മണമേൽ ദേവീക്ഷേത്ര പരിസരത്ത് നിന്നാണ് എൻ.ഡി.എ സ്ഥാനാർത്ഥി എ.എൻ. രാധാകൃഷ്ണൻ ഇന്നലെ പ്രചാരണം ആരംഭിച്ചത്. പര്യടനം കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്തു. ഒരു വിഭാഗത്തിന്റെ വോട്ടിനായി പിണറായി വിജയൻ ഭരണഘടനയേയും പൊലീസിനേയും പോലും നോക്കുകുത്തികളാക്കുന്ന കാഴ്ചയാണ് ആലപ്പുഴയിലെ വിവാദ മുദ്രാവാക്യം വിളിയിലൂടെ കേരളം കണ്ടതെന്ന് അദ്ദേഹം പറഞ്ഞു. തൃക്കാക്കര, അയ്യനാട് മേഖലയിൽ ഫ്ലാറ്റുകൾ കേന്ദ്രീകരിച്ചായിരുന്നു എ.എൻ.രാധാകൃഷ്ണന്റെ പര്യടനം.
കുട്ടികൾക്കൊപ്പം ജോ ജോസഫ്
ഇടപ്പള്ളി ചങ്ങമ്പുഴ ക്രോസ് റോഡിൽ കട്ടികൾക്ക് മിഠായിയും പഴങ്ങളും നൽകിയാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ.ജോ ജോസഫ് പര്യടനം ആരംഭിച്ചത്. ടി.പി. രാമകൃഷ്ണൻ എം.എൽ.എ പര്യടനം ഉദ്ഘാടനം ചെയ്തു. തുടർന്ന് പാലാരിവട്ടം റിനെ മെഡിസിറ്റിയിലെത്തി ഡോക്ടർമാരോടും ജീവനക്കാരോടും ജോ ജോസഫ് പിന്തുണ തേടി.
ഉമയ്ക്കായി കെ.കെ. രമ
യു.ഡി.എഫ് സ്ഥാനാർത്ഥി ഉമ തോമസിനായി രംഗത്തിറങ്ങി കെ.കെ.രമ എം.എൽ.എ. കേരളത്തിലെ സ്ത്രീകളുടെ ശബ്ദമാവാൻ തനിക്കൊപ്പം നാളെകളിൽ ഉമയുമുണ്ടാവുമെന്ന് കെ.കെ. രമ പറഞ്ഞു. മേൽത്തറ കോളനിയിൽ ഇറങ്ങി വോട്ടർമാരെ വിടുകളിൽ എത്തി നേരിൽ കണ്ട് രമയും ഉമയും വോട്ട് അഭ്യർത്ഥിച്ചു. രാവിലെ മുൻ എം.പി കെ.പി. ധനപാലനും ഉച്ചയ്ക്ക് ശേഷം മോൻസ് ജോസഫ് എം.എൽ.എയും പര്യടനം ഉദ്ഘാടനം ചെയ്തു. ഇടപ്പള്ളി ബൈപ്പാസ് ജംഗ്ഷനിൽ നിന്നാരംഭിച്ച പര്യടനം വട്ടംതിട്ടയിൽ സമാപിച്ചു.
വോട്ട് ചെയ്യാൻ അവധി
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ദിവസം (മേയ് 31) മണ്ഡലത്തിലെ സ്വകാര്യ, വ്യവസായ, വാണിജ്യ, വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വോട്ട് ചെയ്യുന്നതിനായ് അവധി അനുവദിച്ചു. ലേബർ കമ്മിഷണറുടെ പ്രത്യേക ഉത്തരവ് പ്രകാരമാണ് വോട്ടെടുപ്പ് ദിവസം ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിച്ചത്.
അവധി എടുക്കാൻ കഴിയാത്തതരത്തിൽ സുപ്രധാന ജോലികൾ ചെയ്യുന്നവർക്ക് വോട്ട് ചെയ്യുന്നതിന് പ്രത്യേക അനുമതി നൽകണമെന്നും നിർദ്ദേശമുണ്ട്. ജില്ലയ്ക്ക് പുറത്ത് ജോലി ചെയ്യുന്ന വോട്ടർമാർക്കും വോട്ട് ചെയ്യുന്നതിന് പ്രത്യേക അനുമതി നൽകണം. ഐ.ടി, പ്ലാന്റേഷൻ മേഖല എന്നിവ ഉൾപ്പെടെ മുഴുവൻ സ്വകാര്യ സ്ഥാപനങ്ങൾക്കും ഉത്തരവ് ബാധകമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |