ആടിനെ രക്ഷിക്കാൻ കിണറ്റിൽ ഇറങ്ങിയ ആൾ കുടുങ്ങി

Thursday 14 May 2026 11:19 PM IST

 അഗ്നിരക്ഷാസേന രക്ഷകരായി

മൂലമറ്റം: ആടിനെ രക്ഷിക്കാൻ കിണറ്റിൽ ഇറങ്ങിയ യുവാവ് തിരിച്ചുകയറാനാകാതെ കുടുങ്ങി. ഒടുവിൽ രക്ഷകരായത് മൂലമറ്റം അഗ്നിരക്ഷാസേന. ഇന്നലെ വൈകിട്ട് മൂന്നരയോടെ കോളപ്ര ഗവ. ഹയർ സെക്കന്ററി സ്‌കൂളിന് എതിർവശം അടൂർമലയിലാണ് സംഭവം. താഴത്തെചേനാട്ട് വീട്ടിൽ ഗീത രാജന്റെ ആട് തീറ്റതേടി നടക്കുന്നതിനിടയിൽ സമീപവാസിയായ ഇളയാനിത്തോട്ടം വീട്ടിൽ സുരേഷിന്റെ കിണറ്റിൽ വീഴുകയായിരുന്നു. മുപ്പത് അടിയോളം ആഴമുണ്ടായിരുന്ന കിണറ്റിൽ ഏകദേശം പത്തടി വെള്ളം ഉണ്ടായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട, തൊട്ടടുത്ത വീട്ടിൽ ഗൃഹനിർമാണത്തിനെത്തിയ തൊടുപുഴ തെക്കുംഭാഗം സ്വദേശിയായ ഷിബിൻ തങ്കച്ചൻ ഗോവണി കയറിൽ കെട്ടി കിണറ്റിൽ ഇറങ്ങി ആടിനെ പിടിച്ചുനിർത്തിയെങ്കിലും തിരിച്ചുകയറാൻ കഴിയാത്ത അവസ്ഥയായി. ഇതോടെ സമീപവാസിയായ ഓട്ടോഡ്രൈവർ സന്തോഷാണ് വിവരം അഗ്നിരക്ഷാസേനയിൽ അറിയിച്ചത്. ഉടൻതന്നെ മൂലമറ്റത്ത് നിന്നും സംഭവസ്ഥലത്ത് എത്തിയ സേനാംഗങ്ങൾ റെസ്‌ക്യു നെറ്റ് ഉപയോഗിച്ച് ആളിനേയും, ആടിനേയും സുരക്ഷിതമായി കരയിൽ എത്തിക്കുകയായിരുന്നു. സേനയുടെ അതിവേഗത്തിലുള്ള ഇടപെടലാണ് ഇരുവർക്കും രക്ഷയായത്. സംഭവത്തിൽ ആർക്കും പരിക്കില്ല. സേനാംഗങ്ങൾ ആയ ബിബിൻ എ തങ്കപ്പൻ, അജയകുമാർ സി.സി, ഷിന്റോ ജോസ്, പ്രവീൺ കെ.പി, കെ.പ്രശാന്ത്, എ.അഫ്സൽ ഖാൻ, ഡി.റോയിമോൻ എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.