കണ്ണൂർ: ഇടതുമുന്നണി കൺവീനറും സി.പി.എം കേന്ദ്രകമ്മിറ്റി അംഗവുമായ ഇ.പി.ജയരാജന്റെ കുടുംബത്തിന് പങ്കാളിത്തമുളള വൈദേകം റിസോർട്ട് അധികൃതരോട് നികുതി സംബന്ധമായ കണക്കുകൾ തിങ്കളാഴ്ച ഹാജരാക്കാൻ ആദായ നികുതി
വകുപ്പിന്റെ നിർദ്ദേശം.
ഇന്നലെ ഹാജരാക്കാനായിരുന്നു നേരത്തെ നോട്ടീസ് നൽകിയതെങ്കിലും ഉദ്യോഗസ്ഥരുടെ അസൗകര്യത്തെ തുടർന്ന് തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. ബുധനാഴ്ച വിജിലൻസ് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലും, രണ്ടിന്
ആദായ നികുതി വകുപ്പ് ടി. ഡി.എസ് വിഭാഗവും പരിശോധന നടത്തിയിരുന്നു.എട്ടിന് റിസോർട്ട് മാനേജർ ടി.ഡി.എസ് വിഭാഗത്തിന് മുന്നിൽ ഹാജരായിരുന്നു.
അതേ സമയം യൂത്ത് കോൺഗ്രസ് നേതാവ് ജോബിൻ ജേക്കബിന്റെ പരാതിയിൽ വൈദേകത്തിൽ കൂടുതൽ പരിശോധന വേണ്ടി വരുമെന്നാണ് വിജിലൻസ് പറയുന്നത്. റിസോർട്ട് നിർമ്മാണത്തിന് അനുമതി നൽകിയ ആന്തൂർ നഗരസഭയിലെ രേഖകളും വിജിലൻസിന് പരിശോധിക്കേണ്ടതുണ്ട്. ഇന്നലെ വിജിലൻസ് സംഘം രണ്ടു മണിക്കൂർ നേരം വൈദേകത്തിൽ പരിശോധന നടത്തിയിരുന്നു. ജോബിനിൽ നിന്നും പരാതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഫോൺ വഴി ശേഖരിച്ച ശേഷമാണ് വിജിലൻസ് നടപടികളിലേക്ക് കടന്നത്. വൈദേകം റിസോർട്ടിൽ ജയരാജന്റെ ഭാര്യ ഇന്ദിരയ്ക്കും മകൻ ജയ്സണും കൂടി 91 ലക്ഷം രൂപയുടെ നിക്ഷേപമാണുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |