സെൽഫ് എമേർജിംഗ് വില്ലേജ് ത്രൂ അഡ്വാൻസ്ഡ് സപ്പോർട്ട് പദ്ധതി ഒരുക്കിയത് എസ്.എസ്.എ
കണ്ണൂർ:സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ മുന്നേറ്റത്തിനായി സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന സേവാസ് പദ്ധതിക്ക് ജില്ലയിൽ തുടക്കമാകുന്നു. ആദ്യഘട്ടത്തിൽ കുട്ടികൾക്ക് കായിക പരിശീലനം നൽകുന്ന പദ്ധതിയിൽ മുഴക്കുന്ന് പഞ്ചായത്തിനെയാണ് ജില്ലയിൽ തിരഞ്ഞെടുത്തിരിക്കുന്നത്. ആദ്യഘട്ടത്തിൽ ഓരോ ജില്ലയിലും ഒരു ഗ്രാമപഞ്ചായത്തിലാണ് പദ്ധതി വരുന്നത്.
ഏപ്രിൽ മുതൽ മുഴക്കുന്ന് പഞ്ചായത്തിനെ ഏറ്റെടുത്ത് വിവിധ പദ്ധതികൾ നടപ്പാക്കും. അഞ്ച് വർഷം കൊണ്ട് മുഴക്കുന്ന് പഞ്ചായത്തിൽ സമഗ്ര മേഖലയിലും വികസനം ഉറപ്പുവരുത്തുമെന്നും അധികൃതർ പറഞ്ഞു. പൊതുവിദ്യാഭ്യാസം, പട്ടികജാതി പട്ടികവർഗം, ആരോഗ്യം, തദ്ദേശ സ്വയംഭരണം, ശിശുക്ഷേമം, സാമൂഹ്യക്ഷേമം, പൊലീസ്, എക്സൈസ് എന്നീ വകുപ്പുകളുടെ സഹകരണത്തോടെയാണ് വിവിധ പദ്ധതികൾ തയ്യാറാക്കി നടപ്പാക്കുക.
മുന്നിലെത്താനുണ്ട് മുഴക്കുന്ന്
ഇരുപത്തഞ്ചോളം പട്ടിക വർഗ, പട്ടിക ജാതി കോളനികളുള്ള മുഴക്കുന്ന് പഞ്ചായത്ത് ഏറെ പിന്നാക്ക പ്രദേശമാണ്. ഇത് പരിഹരിക്കുകയാണ് ലക്ഷ്യം. ഇവിടെ കൂടുതൽ രക്ഷിതാക്കളും സാക്ഷരതരല്ലെന്ന് സർവേയിൽ കണ്ടെത്തിയിരുന്നു. സാമൂഹികമായും സാമ്പത്തികമായുമുള്ള പിന്നാക്കാവസ്ഥയും പഞ്ചായത്തിലുണ്ട്. കുടിവെള്ളം, സാമ്പത്തിക പ്രയാസം തുടങ്ങി ഓരോ വാർഡിലും വ്യത്യസ്ത പ്രശ്നങ്ങളാണ് കണ്ടെത്തിയത്. പദ്ധതിയുടെ ഭാഗമായി രക്ഷിതാക്കൾക്ക് തൊഴിൽ പരിശീലനം നൽകും. പഞ്ചായത്തിൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾ കണ്ടെത്തി വകുപ്പിന് കൈമാറും. കുട്ടികളുടെയും രക്ഷിതാക്കളുടെയും ഉന്നമനത്തിനായി വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് കൂടുതൽ പദ്ധതികൾ തയ്യാറാക്കും.
ലക്ഷ്യം ഗുണമേന്മ
പൊതുവിദ്യാലയത്തിൽ പഠിക്കുന്ന മുഴുവൻ കുട്ടികൾക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പു വരുത്തുക, പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങൾക്ക് ആത്മവിശ്വാസമേകി മുന്നോട്ട് നയിക്കുക, വിദ്യാഭ്യാസപരമായും സാംസ്‌കാരികപരമായും മികവ് നേടാൻ സഹായിക്കുക, വിവിധതരം പരിമിതി അനുഭവിക്കുന്ന കുട്ടികൾക്ക് ആത്മവിശ്വാസവും ജീവിത നൈപുണിയും ഒരുക്കുക തുടങ്ങിയവയാണ് സേവാസ് പദ്ധതിയുടെ ലക്ഷ്യം.
അവർ പരിശീലിച്ചുതുടങ്ങുന്നു
എല്ലാ വാർഡുകളിലും സമിതികൾ രൂപീകരിച്ച് കുട്ടികൾക്ക് കായിക പരിശീലനം
ഫുട്ബാൾ, വോളിബാൾ തുടങ്ങി തിരഞ്ഞെടുക്കപ്പെട്ട ഇനങ്ങളിൽ വിദഗ്ധ പരിശീലനം
കുട്ടികളെ കായികമേളകളിൽ മുന്നേറാൻ പ്രാപ്തരാക്കും.
കലാപരിശീലനവും നൽകും.
10 ലക്ഷം രൂപ പ്രവർത്തനങ്ങൾ മാർച്ചിനകം നടത്താനായി പ്രൊപ്പോസൽ തയ്യാറാക്കിയിട്ടുണ്ട്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |