തലശ്ശേരി: അണ്ടല്ലൂർ ആണ്ടുതിറ ഉത്സവത്തിന്റെ പരിശുദ്ധിക്കായി ധർമ്മടം ഗ്രാമത്തിൽ ആചരിക്കുന്ന ഉച്ചാർ ഇന്ന് അവസാനിക്കും. സംക്രമ നാളിലാണ് ഉച്ചാർ ദിനങ്ങൾ കഴിയുന്നത്. കഴിഞ്ഞ ശനിയാഴ്ച രാവിലെ മുതൽ ഗ്രാമത്തിലെ എല്ലാ വീടുകളും പരിസരങ്ങളും വൃത്തിയാക്കി. പിന്നീട് ഉച്ചാർ ദിനങ്ങൾ പൂർത്തിയാക്കി ഇന്നു കാലത്ത് മുതലേ ധർമ്മടം ദേശവാസികൾ ചൂലുകൾ ഉപയോഗിക്കുകയുള്ളൂ. ഈ ദിവസങ്ങളിൽ ഭൂമിയിൽ കൊത്താനും കിളക്കാനും അടിച്ചു വാരാനും പാടില്ലെന്നാണ് വിശ്വാസം.
ഉത്സവത്തിന്റെ മുന്നോടിയായുള്ള ചടങ്ങായി ചാലയിലെ വെള്ളൂരില്ലത്തേക്ക് അണ്ടലൂർ കാവിന്റെ അവകാശികൾ മഹാതന്ത്രിയെ ക്ഷണിക്കാനും കഴിഞ്ഞ ദിവസം കാണിക്കയുമായി പോയിരുന്നു. കാവിൽ കുംഭം രണ്ടിന് നടത്തേണ്ടുന്ന താന്ത്രിക കർമ്മങ്ങൾ ചെയ്യേണ്ടത് വെള്ളൂരില്ലത്തെ തന്ത്രിയാണ്. തിറ ഉത്സവം തടസങ്ങളേതുമില്ലാതെ ഭംഗിയായി നടക്കാനുള്ള ദേവഹിതം അറിയാൻ പ്രശ്ന ചിന്തയും കഴിഞ്ഞ ദിവസം നടന്നു.
കുംഭ പിറവി മുതൽ തിറയുത്സവത്തിനായി ദേശക്കാർ വ്രതം തുടങ്ങും. കുംഭം ഏഴാം തീയതി വരെ മത്സ്യ, മാംസാദികളും മദ്യവും ഇവിടെ വിൽക്കുകയോ, വാങ്ങുകയോ പതിവില്ല. അപരിചതരെ പോലും അതിഥികളായി കണ്ട് ദേവപ്രസാദമായ അവിലും പൊരിയും പഴവും നൽകി സ്വീകരിക്കുന്ന അപൂർവ്വതയും ഉത്സവ ദിവസങ്ങളിൽ ധർമ്മത്തിന്റെ സവിശേഷതയാണ്. ഉത്സവ നാളിലെ ഉപയോഗങ്ങൾക്കായി ദേശത്തെ എല്ലാ വീടുകളിലും പഴക്കുലകളും മലരും അവിലും സംക്രമ നാൾ മുതൽ ശേഖരിച്ചു വയ്ക്കും.
ഇതിനായി മൈസൂർ പഴക്കുലകൾ നാളെ മുതൽ ധർമ്മടം ദേശത്തെ കടകളിലും കവലകളിലും എത്തും. വ്രതം നോൽക്കുന്നവർ മുൻകാലങ്ങളിൽ ദേശത്തെ പുഴ കടന്ന് മറുകരയിലേക്ക് പോവാറില്ല. അന്യനാടുകളിലും മറ്റും ജോലിയുള്ള ധർമ്മടത്തെ ആൺ, പെൺ, പ്രജകളും ധർമ്മടം ബന്ധമുള്ള കുടുംബക്കാരുമെല്ലാം ഇതിനകം അവരവരുടെ വീടുകളിൽ എത്തിക്കൊണ്ടിരിക്കും. ഇനി തിറ കഴിഞ്ഞ് പ്രസാദവും കൊണ്ടേ എല്ലാവരും തിരികെ മടങ്ങുകയുള്ളൂ. പതിനാലിനാണ് ഉത്സവാരംഭം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |