റോഡ് ഷോയോടെ തുടക്കം
കണ്ണൂർ: രാജ്യത്ത് സി.പി.എമ്മിന്റെ ഏറ്റവും വലിയ ശക്തിദുർഗമായ കണ്ണൂർ തിരിച്ചുപിടിക്കാൻ ജില്ലാ സെക്രട്ടറി എം.വി. ജയരാജനെ ഇറക്കി പ്രചരണത്തിനിറങ്ങിയതോടെ കോൺഗ്രസ് കരുത്തനായ കെ.സുധാകരനെ വീണ്ടും രംഗത്തിറക്കാനുള്ള സാദ്ധ്യത തെളിഞ്ഞു. സീറ്റ് നിലനിർത്താൻ സുധാകരനോളം കരുത്തനായ മറ്റൊരാളില്ലെന്ന തിരിച്ചറിവാണ് ഈ നീക്കത്തിന് പിന്നിൽ.
ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശത്തിന് കെ സുധാകരൻ സമ്മതം മൂളുന്നത് കാത്തിരിക്കുകയാണ് അണികൾ. ഔദ്യോഗിക പ്രഖ്യാപനം വന്നയുടൻ തന്നെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.വി.ജയരാജൻ റോഡ് ഷോയുമായി കളത്തിലിറങ്ങി. സ്ഥാനാർത്ഥി പ്രഖ്യാപനം വരുന്നതിന് മുൻപ് കഴിഞ്ഞ ദിവസം തന്നെ മത സാമുദായിക നേതാക്കൾ, പൗരപ്രമുഖർ തുടങ്ങിയവരുമായുളള കൂടിക്കാഴ്ചകൾ നടത്തിയിരുന്നു. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ഇന്നലെ വൈകിട്ട് കണ്ണൂർ നഗരത്തിൽ സ്ഥാനാർത്ഥിയെ ആനയിച്ചുളള ബഹുജന പ്രകടനം നടന്നു. പാർട്ടി സംവിധാനങ്ങളെ പരമാവധി പ്രവർത്തിപ്പിച്ചും നിക്ഷ്പക്ഷ വോട്ടുകളെ അനുകൂലമാക്കിയും കണ്ണൂർ കോട്ടയിൽ ചെങ്കൊടി പാറിക്കാമെന്ന ആത്മ വിശ്വാസത്തിലാണ് എൽ.ഡി.എഫ്.ഇരു മുന്നണികളെയും മാറി മാറി വരിച്ചതാണ് കണ്ണൂരിന്റെ രാഷട്രീയ ചരിത്രം. അതു കൊണ്ട് ആർക്ക് മുൻതൂക്കമെന്ന് പറയാൻ സാധിക്കില്ല.
സ്ഥാനാർത്ഥി പര്യടനത്തിനും തുടക്കം
കണ്ണൂർ:സ്ഥാനാർത്ഥി പ്രഖ്യാപനം കഴിഞ്ഞതോടെ പര്യടനം ആരംഭിച്ച് എൽ.ഡി .എഫ് . സ്ഥാനാർത്ഥി എം.വി .ജയരാജൻ എ.കെ.ജി പ്രതിമയ്ക്ക് മുമ്പിലും പയ്യാമ്പലത്തെ ജനനേതാക്കളുടെ സ്മൃതി മണ്ഡപങ്ങളിലും രക്തസാക്ഷി കുടീരങ്ങളിലും പുഷ്പാർച്ചന നടത്തിയാണ് പര്യടനം തുടങ്ങിയത്. വൈകീട്ട് എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ സ്ഥാനാർത്ഥിയെ ആനയിച്ച് ബാങ്ക് റോഡിൽ നിന്നും തെക്കി ബസാർ വരെ പ്രകടനം നടത്തി. എൽ.ഡി.എഫ് കൺവീനർ എൻ.ചന്ദ്രൻ, സി പി.ഐ സംസ്ഥാന എക്സിക്യൂട്ടീവംഗം സി പി.മുരളി, ജില്ലാ സെക്രട്ടറി സി പി.സന്തോഷ് കുമാർ, കെ.പി.സഹദേവൻ, ജെയിംസ് മാത്യു, അഡ്വ.പി.അജയകുമാർ, വെള്ളോറ രാജൻ, എം.പ്രകാശൻ തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |