കണ്ണൂർ: ലോകസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി ചിത്രം പൂർണമായും തെളിഞ്ഞില്ലെങ്കിലും കണ്ണൂരിന്റെ മോധാവിത്തം ഉറപ്പായി. പട്ടികയിൽ ഉൾപ്പെട്ട എം.വി ജയരാജൻ, കെ.കെ ശൈലജ, ആനി രാജ, പന്ന്യൻ രവീന്ദ്രൻ എന്നിവരെല്ലാം കണ്ണൂരുകാരാണ്.എം.വി ജയരാജന്റെ സ്വദേശം പെരളശ്ശേരിയും ശൈലജയുടേത് മട്ടന്നൂരുമാണ്.
സി.പി.ഐ ജനറൽ സെക്രട്ടറി ഡി.രാജയുടെ ഭാര്യയാണ് ആറളം കീഴ്പ്പള്ളി സ്വദേശിനിയായ ആനി രാജ. പന്ന്യൻ രവീന്ദ്രൻ കക്കാട് സ്വദേശിയാണ്.കോഴിക്കോട് നിന്നുള്ള കോൺഗ്രസ് സിറ്റിംഗ് എം.പി എം.കെ.രാഘവൻ വീണ്ടും മത്സരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. കണ്ണൂർ പയ്യന്നൂർ പുറച്ചേരി സ്വദേശിയാണ് അദ്ദേഹം. കണ്ണൂരിലെ സിറ്റിംഗ് എം.പിയായ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും വീണ്ടും മത്സരിക്കാൻ സാദ്ധ്യത ഏറെയാണ്. അദ്ദേഹം നാടാൽ സ്വദേശിയാണ്. നിലവിൽ രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭ അംഗമായ കെ.സി വേണുഗോപാൽ മത്സര രംഗത്തുണ്ടാകാനും സാദ്ധ്യതയുണ്ട്. കണ്ണൂർ പയ്യന്നൂർ കണ്ടോന്താർ സ്വദേശിയാണ് അദ്ദേഹം.
രാജ്യസഭാംഗവും കേന്ദ്രമന്ത്രിയുമായ വി.മുരളീധരനും മത്സര രംഗത്തുണ്ടായേക്കും.കണ്ണൂരിൽ നിന്നുള്ള മുതിർന്ന നേതാവ് പി.കെ.കൃഷ്ണ ദാസ്, സി കെ.പദ്മനാഭൻ, എ.പി.അബ്ദുള്ളക്കുട്ടി എന്നിവരുടെ പേരും ബി.ജെ.പി. ലിസ്റ്റിൽ വിവിധ മണ്ഡലങ്ങളിൽ പറഞ്ഞു കേൾക്കുന്നുണ്ട്.
സംസ്ഥാന രാഷ്ട്രീയത്തിൽ നേരത്തെ തന്നെ കണ്ണൂരിന്റെ മേൽക്കൈ പ്രകടമാണ്. മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.എം സംസ്ഥാനസെക്രട്ടറി എം.വി.ഗോവിന്ദൻ, കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരൻ,കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ, എ.ഐ.സി.സി സംഘടനാ ജനറൽസെക്രട്ടറി കെ.സി.വേണുഗോപാൽ എന്നിവരെല്ലാം കണ്ണൂരുകാരാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |