കണ്ണൂർ: ദിനംപ്രതി വേനലിന്റെ കാഠിന്യം കൂടുന്നുണ്ടെങ്കിലും നിലവിൽ എവിടെയും കനത്ത വരൾച്ചയുടെ ആശങ്കയില്ലെന്ന് അധികൃതർ. എന്നാൽ പല സ്ഥലങ്ങളിലും കിണറുകളിലെയും മറ്റ് ജലസ്രോതസ്സുകളിലെയും ജലനിരപ്പ് ഫെബ്രുവരി
അവസാനത്തോടു കൂടി തന്നെ കുറഞ്ഞ് തുടങ്ങിയത് ജനങ്ങൾക്കിടയിൽ ആശങ്ക ഉയർത്തുന്നുണ്ട്. ദിനംപ്രതി ഉയരുന്ന താപനിലയും ജലനിരപ്പിലെ നേരിയ വ്യത്യാസവുമാണ് ആളുകളിൽ ആശങ്കയ്ക്ക് ഇട നൽകുന്നത്. എന്നാൽ ചൂട് കൂടുന്നത് ഒഴിച്ചാൽ, നിലവിൽ ജില്ലയിൽ എവിടെയും വരൾച്ചാ സാധ്യതയില്ലെന്ന് അധികൃതർ വ്യക്തമാക്കി.
എങ്കിലും ജില്ലയുടെ ചില ഭാഗങ്ങളിൽ രൂക്ഷമായി തുടരുന്ന കുടിവെള്ളക്ഷാമത്തിന്
പരിഹാരം കാണാൻ അധികൃതർ തയ്യാറാകുന്നില്ലെന്ന് ആരോപണമുണ്ട്. സ്വന്തമായി കിണർ ഇല്ലാത്തവരാണ് നിലവിൽ കടുത്ത പ്രതിസന്ധി നേരിടുന്നത്. വാട്ടർ അതോറിറ്റിയുടെ ജപ്പാൻ കുടിവെള്ളത്തെ മാത്രം ആശ്രയിച്ച് കഴിയുന്നവർക്ക് പലയിടത്തും കഴിഞ്ഞ നാലും അഞ്ചും ദിവസമായി തുടർച്ചയായി വെള്ളം നിലച്ച സ്ഥിതിയാണ്. പലരും സ്വന്തമായി കിണർ ഉള്ളവരുടെ വീട്ടിൽ നിന്നും വെള്ളം ശേഖരിച്ചുകൊണ്ടു വരികയാണ്. ഇവരുടെ ജലക്ഷാമത്തിന് പരിഹാരം കാണാൻ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളും മുൻകൈയെടുക്കുന്നില്ലെന്നാണ് ആക്ഷേപം.
വേനൽ അനുദിനം കടുക്കുന്ന സാഹചര്യത്തിൽ കുടിവെള്ള വിതരണത്തിനും കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ട്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്
നടപടി എടുക്കാം
തനത് വികസന ഫണ്ടിൽ നിന്നും കുടിവെള്ള വിതരണത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് തുക അനുവദിക്കാം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ യോഗം ചേർന്ന് സാഹചര്യങ്ങൾ വിലയിരുത്തി കളക്ടർക്ക് അപേക്ഷ സമർപ്പിക്കണം. തുടർന്ന് വരൾച്ചാ ബാധിത പ്രദേശമായോ കുടിവെള്ളക്ഷാമം ഉള്ള പ്രദേശമായോ കളക്ടറോ ബന്ധപ്പെട്ട അധികൃതരോ പ്രഖ്യാപിക്കുന്നതിനനുസരിച്ചാണ് കുടിവെള്ള വിതരണത്തിന് നടപടികൾ സ്വീകരിക്കേണ്ടത്. ജില്ലയിൽ ഇതുവരെ ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അപേക്ഷ സമർപ്പിച്ചിട്ടില്ലെന്ന് അധികൃതർ പറഞ്ഞു.
സംരക്ഷിക്കാം തണ്ണീർത്തടങ്ങളെ
ഹരിത കേരള മിഷന്റെ കണക്ക് പ്രകാരം ജില്ലയിൽ ആകെ 595 തണ്ണീർത്തടങ്ങളാണ് നിലവിലുള്ളത്. എന്നാൽ ഇവയിൽ ചുരുക്കം ചിലതു മാത്രമാണ് സംരക്ഷിക്കപ്പെട്ടിട്ടുള്ളത്. ജില്ലാ പഞ്ചായത്ത് തണ്ണീർത്തട സംരക്ഷണത്തിന് വിപുലമായ പദ്ധതികൾ നടപ്പിലാക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും കാര്യമായ നടപടിയൊന്നുമുണ്ടായിട്ടില്ല. ഇക്കഴിഞ്ഞ വർഷങ്ങളിൽ ശരാശരിയേക്കാൾ 24 ശതമാനം മഴ കൂടുതൽ ലഭിച്ചിട്ടും വേനൽ മഴയിലുണ്ടായ വ്യതിയാനം ജലക്ഷാമം രൂക്ഷമാക്കുകയാണ്. എത്ര മഴ പെയ്യുന്നു എന്നതിലല്ല, എത്ര മഴവെള്ളവും ജലസ്രോതസ്സുകളും സംരക്ഷിക്കുന്നു എന്നതിലാണ് പ്രധാനമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി.
വേനൽ കനത്തതോടെ ജില്ലയിൽ ചൂട് ക്രമാതീതമായി വർദ്ധിക്കുന്നുണ്ടെങ്കിലും നിലവിൽ വരൾച്ചാ ഭീഷണിയുമായി ബന്ധപ്പെട്ട ആശങ്ക വേണ്ട. ജലാശയങ്ങളിലും മറ്റ് ജല സ്രോതസ്സുകളിലും ജല നിരപ്പിൽ കാര്യമായ കുറവ് അനുഭവപ്പെട്ടിട്ടില്ല.
വാട്ടർ അതോറിറ്റി അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |