കൂറ്റൻ മരം കടപുഴകി ; ഒഴിവായത് വൻദുരന്തം
കണ്ണൂർ: തിരക്കേറിയ റോഡിൽ കൂറ്റൻ മരം കടപുഴകി വീണെങ്കിലും വൻ ദുരന്തം ഒഴിവായി. റോഡരികിൽ നിർത്തിയിട്ട കാർ മരംവീണ് തകർന്നു. ഇന്നലെ പകൽ 11.30 മണിയോടെ കണ്ണൂർ എസ്.എൻ പാർക്കിനടുത്താണ് സംഭവം. അഗ്നിശമന രക്ഷാ സേനാംഗങ്ങൾ എത്തിയാണ് റോഡിൽ നിന്നും മരം മുറിച്ചുനീക്കിയത്.
എസ്.എൻ പാർക്കിലെ കൂറ്റൻ വാകമരമാണ് റോഡിലേക്ക് പതിച്ചത്. നിരവധി യാത്രക്കാരും വാഹനങ്ങളും കടന്നുപോവുന്ന റോഡിൽ സംഭവിക്കുമായിരുന്ന വൻദുരന്തം ഒഴിവായതിന്റെ ആശ്വാസത്തിലാണ് വ്യാപാരികളും നാട്ടുകാരും. നടപ്പാതയുടെ കൈവരിയും പാർക്കിന്റെ മതിലും തകർത്താണ് മരം കാറിന് മുകളിൽ വീണ് റോഡിലേക്ക് പതിച്ചത്. കാലിക്കറ്റ് അസോസിയേറ്റ്സിന്റെ ഉടമസ്ഥതയിലുള്ള ടാക്സി കാറിന്റെ മുൻഭാഗവും എൻജിൻ ഭാഗവും പൂർണമായി തകർന്നു. മുക്കാൽ ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി കാർ ഡ്രൈവർ സജീർ പറഞ്ഞു.
മരം വീഴുന്നതിന് തൊട്ടു മുന്നേ റോഡിന്റെ ഇരുഭാഗങ്ങളിൽ കൂടെ കടന്നുപോയ ഇരുചക്ര വാഹനക്കാരും കാർ യാത്രക്കാരും ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. കോർപറേഷൻ ശുചീകരണ തൊഴിലാളികൾ സ്ഥലത്തെത്തി മുറിച്ചിട്ട മരങ്ങൾ നീക്കിയതോടെയാണ് ഒരു മണിക്കൂറോളം തടസപ്പെട്ട ഗതാഗതം പുനഃസ്ഥാപിച്ചത്. എസ്.എൻ പാർക്കിലെ മിക്കമരങ്ങളും അപകടാവസ്ഥയിലാണെന്നും ഈ കാര്യങ്ങൾ കോർപറേഷനിൽ അറിയിച്ചിരുന്നതായും സ്ഥലം കൗൺസിലർ അജിത്ത് പാറക്കണ്ടി പറഞ്ഞു. കഴിഞ്ഞ വർഷവും സമാന സംഭവമുണ്ടായതായി കൗൺസിലർ പറഞ്ഞു.