കൊട്ടിയൂരിൽ നീരെഴുന്നള്ളത്ത്

Sunday 24 May 2026 12:06 AM IST
കൊട്ടിയൂർ ജന്മശാന്തിയുടെയും സമുദായിയുടെയും നേതൃത്വത്തിൽ അടിയന്തര യോഗക്കാരും സ്ഥാനികരും കൂവയിലകൾ ശേഖരിച്ച് നീരെഴുന്നള്ളത്തിനായി പുറപ്പെടുന്നു

കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിന് മുന്നോടിയായുള്ള നീരെഴുന്നള്ളത്ത് ഇന്നലെ അക്കരെ കൊട്ടിയൂരിൽ നടന്നു.

അടിയന്തിരയോഗക്കാരും ആചാര്യന്മാരും സ്ഥാനികരും സമുദായിയുടെയും ജന്മ ശാന്തിയുടെയും നേതൃത്വത്തിൽ അക്കരെ സന്നിധാനത്തിലെ സ്വയംഭൂ കുടികൊള്ളുന്ന മണിത്തറയിൽ പ്രവേശിക്കുന്ന ചടങ്ങാണ് നീരെഴുന്നള്ളത്ത്.

വൈശാഖ മഹോത്സവ കാലത്ത് വിളക്ക് തെളിക്കാനുള്ള തിരിയും ശ്രീകോവിലിലേക്കുള്ള കിള്ളി വസ്‌ത്രവും ഉത്തരീയങ്ങളുമായി മണിയൻ ചെട്ടിയാൻ സ്ഥാനികനും സംഘവും കൂത്തുപറമ്പ് പുറക്കളം തിരൂർക്കുന്ന് ഗണപതി ക്ഷേത്രത്തിൽ നിന്ന് കൊട്ടിയൂരിൽ എത്തിച്ചേർന്നതിനു ശേഷമാണ് നീരെഴുന്നള്ളത്ത് ദിനത്തിലെ ചടങ്ങുകൾ തുടങ്ങിയത്.

ഒറ്റപ്പിലാൻ, കാടൻ, പുറങ്കലയൻ, കൊല്ലൻ, ആശാരി, കണിയാൻ സ്ഥാനികർ ചേർന്ന് ഇക്കരെ ക്ഷേത്രത്തിലെ ആയില്യാർ കാവിന്റെ പ്രവേശന കവാടത്തിന് മുന്നിൽ വച്ച് തണ്ണീർകുടി ചടങ്ങ് നടത്തി. നൂറ്റാണ്ടുകൾക്കു മുമ്പ് കാടിന് നടുവിൽ സ്വയംഭൂ ശില കണ്ട സ്മരണയിലാണ് നീരെഴുന്നള്ളത്ത് ചടങ്ങ് നടക്കുന്നത്.

ഇക്കരെ ക്ഷേത്രത്തിൽ ചേർന്ന അടിയന്തിര യോഗത്തിന് ശേഷം ജന്മശാന്തിയും സ്ഥാനികരും ആയില്യാർ കാവിൽ പ്രവേശിച്ചു.

തുടർന്ന് ജന്മശാന്തി പടിഞ്ഞിറ്റ ശ്രീറാം നമ്പൂതിരിയുടെയും സമുദായി കാലടി കൃഷ്ണ മുരളി നമ്പൂതിരിയുടെയും നേതൃത്വത്തിൽ ക്ഷേത്ര പാരമ്പര്യ ഊരാളന്മാരും ഏഴില്ലക്കാരും മറ്റ് പാരമ്പര്യ സ്ഥാനികരും ആചാര പ്രകാരം നീരെഴുന്നള്ളത്തിന് പുറപ്പെട്ടു.

മന്ദംചേരിയിലെ ഉരുളിക്കുളത്തിന് സമീപത്തു നിന്നും ശേഖരിച്ച കൂവയിലകളുമായി സംഘം ബാവലിപ്പുഴക്കരയിൽ എത്തിയപ്പോൾ ഒറ്റപ്പിലാൻ, ആശാരി, പുറങ്കലയൻ എന്നീ സ്ഥാനികർ മറുകരയിൽ അടിയന്തിര യോഗത്തെ മുഖാമുഖം ദർശിച്ചു. ഒറ്റപ്പിലാൻ സ്ഥാനികനോട് അനുമതി വാങ്ങിയ സ്ഥാനികർ ബാവലിയിൽ സ്നാനത്തിനിറങ്ങി. ഈ സമയം

ഒറ്റപ്പിലാനും ജന്മാശാരിയും പുറങ്കലയനും ഈറനണിഞ്ഞ് ആദ്യം അക്കരെ സന്നിധാനത്തിൽ പ്രവേശിച്ചു. പിന്നാലെ അടിയന്തിരയോഗക്കാരും അക്കരെ പ്രവേശിച്ചു. സമുദായി, ഒറ്റപ്പിലാൻ, പുറങ്കലയൻ, ജന്മാശാരി, ഊരാളന്മാർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ജന്മശാന്തി പടിഞ്ഞിറ്റ നമ്പൂതിരി സ്വയംഭൂ സ്ഥാനത്ത് ബാവലി തീർത്ഥം അഭിഷേകം ചെയ്തു. മണിത്തറയിൽ സാഷ്‌ടാംഗ പ്രണാമം ചെയ്ത് ദേവീ സ്ഥാനമായ അമ്മാറക്കൽ തറയിൽ എത്തി വണങ്ങി എല്ലാവരും ഇക്കരെയിലേക്ക് മടങ്ങി. രാത്രി ഇക്കരെ കൊട്ടിയൂരിലെ ആയില്യാർ കാവിൽ ഗൂഢപൂജയും അപ്പട നിവേദ്യവും നടത്തി.