ജില്ലാ ആയുർ. ആശുപത്രിയിൽ ഡോക്ടർമാർ കുറവ്; കാത്തിരുന്ന് മടുത്ത് രോഗികൾ
കണ്ണൂർ: ജില്ലാ ആയുർവേദ ആശുപത്രിയുടെ പ്രവർത്തനത്തെ താളം തെറ്റിച്ച് ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ കുറവ്. സൂപ്രണ്ട് മുതൽ അറ്റൻഡർമാർ ഉൾപ്പെടെ 23 ഉദ്യോഗസ്ഥരുടെ കുറവാണ് ഇവിടെയുള്ളത്. ആശുപത്രിയിലെത്തുന്ന രോഗികൾക്ക് യഥാസമയം ചികിത്സ കിട്ടുന്നതിന് ഇത് തടസമാവുകയാണ്.
മാർച്ചിൽ വിരമിച്ച സൂപ്രണ്ടിന്റെ ഒഴിവിൽ പകരം നിയമനം നടത്തിയിട്ടില്ല. ചീഫ് മെഡിക്കൽ ഓഫീസർക്കാണ് പകരം ചുമതല.
സർക്കാർ പ്ലാൻ പ്രൊജക്ട് പ്രകാരം നിയമിതരായ ഡോക്ടർമാരും തെറാപിസ്റ്റ് ഉൾപ്പെടെയുള്ള 17 ജീവനക്കാരുടെ കാലാവധി കഴിഞ്ഞ മാർച്ച് 31ന് അവസാനിച്ചതും പ്രതിസന്ധിക്ക് കാരണമാണ്. പ്രസവാനന്തര ശുശ്രൂഷ, പക്ഷാഘാതം, യോഗ എന്നീ പ്രധാനവിഭാഗങ്ങളിലുള്ള ഡോക്ടർമാരുടെ സേവനവും കഴിഞ്ഞ രണ്ടുമാസമായി ലഭിക്കുന്നില്ല. പുതിയ സർക്കാർ അധികാരമേറ്റ് ആഴ്ചകൾ പിന്നിട്ടിട്ടും നിയമനകാര്യത്തിൽ യാതൊരു നടപടിയും ഉണ്ടായില്ല. ആകെ 102 ജീവനക്കാരാണ് ജില്ലാ ആയുർവേദ ആശുപത്രിയിലുള്ളത്.
വികസനം നടന്നിട്ടുണ്ട്;
തുടർച്ച വേണം
സ്ത്രീകൾ, പുരുഷന്മാർ, വയോജനങ്ങൾ ഉൾപ്പെടെ 100 ജനറൽ വാർഡുകളും 20 പേ വാർഡുകളും ഉൾപ്പെട്ട ജില്ലാ ആയുർവേദ ആശുപത്രിയിൽ ജില്ലാ പഞ്ചായത്ത് മുൻ കൈയെടുത്ത് നിരവധി വികസന പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്. സർക്കാരിൽ സമ്മർദ്ദം ചെലുത്തി ഉടനടി നിലവിലുള്ള ഒഴിവുകൾ നികത്താനാവശ്യമായ ഇടപെടലുകൾ ഉണ്ടാകണമെന്ന ആവശ്യം ശക്തമാണ്. സ്ഥല പരിമിതിയും ആശുപത്രിയുടെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. റോഡ് സൗകര്യത്തിന്റെ അപര്യാപ്തത കാരണം അഗ്നിശമന സേനയിൽ നിന്നും ഇതുവരെ എൻ.ഒ.സി നേടിയെടുക്കാൻ ആശുപത്രിയ്ക്ക് സാധിച്ചിട്ടില്ല.